ആരോഗ്യമുള്ള പനങ്കുല പോലുള്ള മുടി വേണോ; വഴി ഇതാണ്
നിങ്ങളുടെ മുഖത്തിന് മികച്ചതും വൈവിധ്യമാര്‍ന്നതുമായ രൂപം നല്‍കാന്‍ കഴിയുന്ന ഒന്നാണ് മുടി. ഓരോരുത്തര്‍ക്കും മുടിയുടെ തരം വ്യത്യസ്തമാണ്. നീളമുള്ളതും തിളക്കമുള്ളതുമായ മുടി ആഗ്രഹിക്കാത്ത ആരുംതന്നെ ഉണ്ടാകില്ല. എല്ലായ്‌പ്പോഴും, സ്ത്രീകള്‍ തിളങ്ങുന്ന നീളമുള്ള മുടിക്കായുള്ള വഴികള്‍ തേടുന്നു. എന്നിരുന്നാലും, നീളമുള്ളതും തിളക്കമുള്ള മുടി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. എന്നിരുന്നാലും നിങ്ങളുടെ മുടിയുടെ നീളം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നല്ല ഇതിനര്‍ത്ഥം. ആരോഗ്യകരമായ മുടി വളര്‍ച്ച നിലനിര്‍ത്തുന്നതിന് നിങ്ങളുടെ ജനിതകത്തിന് വലിയ പങ്കുണ്ട്.
മുടിയുടെ നീളം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില തെളിയിക്കപ്പെട്ട വഴികളുണ്ട്. ഈ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ വളരെ ചെലവു കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ്. അപര്യാപ്തമായ പോഷണവും കേടുപാടുകളും മൂലമാണ് മിക്കവരുടെയും സ്വാഭാവിക മുടിയുടെ വളര്‍ച്ച തടസ്സപ്പെടന്നത്. മുടിയുടെ വളര്‍ച്ചാ പ്രക്രിയ വേഗത്തിലാക്കാന്‍ നിങ്ങള്‍ക്ക് പിന്തുടരാവുന്ന കുറച്ച് എളുപ്പവഴികള്‍ നമ്മുക്ക് വായിച്ചറിയാം.
ഹെയര്‍ മാസ്‌ക്, ഓയില്‍ മസാജ്
മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കണമെങ്കില്‍ വളരെ പ്രധാനമായ രണ്ട് കാര്യങ്ങളാണ് ഹെയര്‍ മാസ്‌ക് ഉപയോഗവും ഓയില്‍ മസാജിംഗും. ഓയില്‍ മസാജ് ചെയ്യുന്നത് മുടിയുടെ വേരുകളിലേക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണ, ബദാം ഓയില്‍, റോസ്‌മേരി ഓയില്‍, ജോജോബ എന്നിവയുള്‍പ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള എണ്ണകള്‍ നിങ്ങള്‍ക്ക് ഇതിനായി തിരഞ്ഞെടുക്കാം. മസാജിന് ശേഷം ചൂടുവെള്ളത്തില്‍ ഒരു തൂവാല മുക്കി മുടി പൊതിയുക. ഇത് നിങ്ങളുടെ തലയോട്ടിയിലേക്ക് പെട്ടെന്ന് എണ്ണ ആഗിരണം ചെയ്യാന്‍ സഹായിക്കും. മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് ഹെയര്‍ പായ്ക്ക്. നെല്ലിക്ക, സവാള ജ്യൂസ്, ഉലുവ, തേന്‍, നാരങ്ങ, അവോക്കാഡോ മുതലായവ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഒരു ഹെയര്‍ പായ്ക്ക് തയ്യാറാക്കാം. എന്നിരുന്നാലും, ഫലം കാണാന്‍ കുറച്ച് സമയമെടുക്കുമെന്ന് ഓര്‍മ്മിക്കുക.
മുടി പതിവായി കഴുകുക
എണ്ണ ഉപയോഗത്തിനുശേഷം രണ്ടാമത്തെ പ്രധാന ഭാഗമാണ് പതിവായി കഴുകുക എന്നത്. ദിവസവും മുടി വൃത്തിയാക്കുന്നതിലൂടെ ആരോഗ്യകരവും വൃത്തിയുള്ളതുമായ മുടി നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ തലയോട്ടിയിലെ എണ്ണ ഗ്രന്ഥികള്‍ സെബം ഉല്‍പാദിപ്പിക്കുകയും അത് മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ മുടി കഴുകുക, എല്ലായ്‌പ്പോഴും പ്രകൃതിദത്ത ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുക. അതേ സമയം, അമിതമായി മുടി കഴുകുന്നതും പ്രശ്‌നമാണ്. ഇത് മുടി പൊട്ടുന്നതിന് ഇടയാക്കും.
മുടി കഴുകുന്ന വെള്ളം
മുടി വളര്‍ച്ചയ്ക്ക്, നിങ്ങള്‍ ഉപയോഗിക്കുന്ന വെള്ളവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചൂടുവെള്ളം നിങ്ങളുടെ മുടിയിഴകളെ തകരാറിലാക്കുകയും മുടിയുടെ വളര്‍ച്ചയെ തടയുകയും ചെയ്യും. അതേസമയം വളരെ തണുത്ത വെള്ളത്തിലാണ് നിങ്ങള്‍ തല കഴുകുന്നതെങ്കില്‍ അത് നിങ്ങളുടെ തലയോട്ടിയിലെ കാപ്പിലറികളെ തടസ്സപ്പെടുത്തും. മുടി കഴുകാന്‍ സാധാരണ വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുടി ആരോഗ്യമുള്ളതും മൃദുവായതുമായി നിലനിര്‍ത്തും.
സമീകൃതാഹാരം
നിങ്ങളുടെ മുടിക്ക് അകത്തും പുറത്തും പോഷണം ആവശ്യമാണ്. അതിനാല്‍ സമീകൃതാഹാരം ആവശ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, സോയാബീന്‍, പാല്‍, മത്സ്യം, ചീസ് എന്നിവ പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും നിങ്ങളുടെ ചര്‍മ്മത്തിലും മുടിയിലും പ്രതിഫലിക്കും.
ഹെയര്‍സ്‌റ്റൈലുകള്‍
പോണിടെയിലുകള്‍ പോലുള്ള ഇറുകിയ ഹെയര്‍സ്‌റ്റൈലുകള്‍ നിങ്ങളുടെ മുടിക്ക് സ്ഥിരമായ കേടുപാടുകള്‍ വരുത്തും. ഇറുകിയ ഹെയര്‍സ്‌റ്റൈലുകളാണ് നിങ്ങള്‍ ദിവസവും സ്വീകരിക്കുന്നതെങ്കില്‍, അത് നിങ്ങളുടെ മുടിവേരുകളെ കൂടുതല്‍ അയഞ്ഞതാക്കുകയും മുടിപൊട്ടാന്‍ കൂടുതല്‍ സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. ഓരോ തവണയും നിങ്ങള്‍ ഇറുകിയ ഒരു ഹെയര്‍സ്‌റ്റൈല്‍ സ്വീകരിക്കുമ്പോള്‍ മുടി ദുര്‍ബലമാക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.
ചൂട് ഒഴിവാക്കുക
ചൂട് നമ്മുടെ മുടിക്ക് ദോഷം ചെയ്യും എന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ളതായിരിക്കും. വളരെയധികം ചൂട്, മുടിക്ക് ശക്തി നല്‍കുന്ന കെരാറ്റിന്‍ പ്രോട്ടീനുകളെ നശിപ്പിക്കും. ഇത് അകത്ത് നിന്ന് ഈര്‍പ്പം കുറയ്ക്കുകയും തല്‍ഫലമായി, മുടിയുടെ ശക്തി കുറയ്ക്കുകയും ചെയ്യും. അതിനാല്‍, നിങ്ങളുടെ മുടി വേഗത്തില്‍ വളരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഏറ്റവും നല്ലത് മുടി സ്വാഭാവികമായി വിടുക എന്നതാണ്. ഹീറ്റ് സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍ ഒഴിവാക്കുക.