തെളിവില്ലാത്ത കേസുകളിൽ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയം: കെ.സുധാകരൻ
1995 ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോൻസൺ മാവുങ്കൽ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണ് സർക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിടുന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചന നടത്തിയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാൻ ശ്രമിക്കുന്നത് ഭീരുത്വമാണെന്നും കെ സുധാകരൻ പറഞ്ഞു.
കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാർ കുറവെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികെട്ട മുഖ്യമന്ത്രി, തനിക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടിയെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.ഭരണഘടനയെ ബഹുമാനിക്കാത്ത,രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളുടെ കൂടാരമാണ് എൽഡിഎഫ്. ദേശവിരുദ്ധ പരാമർശം നടത്തിയ കെടി ജെലീലിനെ സിപിഐഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണ്.
രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താത്പ്പര്യം കാട്ടുന്ന ആഭ്യന്തരവകുപ്പ് എന്തുകൊണ്ടാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കുന്നത്. വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച എൽഡിഎഫ് കൺവീനർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിട്ടും അതിന് ആഭ്യന്തരവകുപ്പിന് ഒട്ടും താൽപ്പര്യമില്ല.
എകെജി സെന്ററിലെ പടക്കമേറുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിൽ പോയാൽ എൽഡിഎഫ് കൺവീനർ ജയിലിൽ കിടക്കുമെന്ന് സിപിഐഎമ്മിനും കേരള സർക്കാരിനും ഉത്തമബോധ്യമുള്ളത് കൊണ്ടാണ് ആ കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത് നിൽക്കുന്നതെന്നും സുധാകരൻ പരിഹസിച്ചു.