Saturday, January 4, 2025
Health

ക്ഷീണമാണോ നിങ്ങൾക്ക് എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലം

ജീവിതത്തിലെ പല ഘട്ടങ്ങളിലും സാധാരണയായി മനുഷ്യര്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നു. എന്നാല്‍ അതൊക്കെ ഒഴിവാക്കാന്‍ നമ്മുടെ വിശ്രമവും ഉറക്കവും സഹായിക്കും. എന്നാല്‍, മതിയായ വിശ്രമം നേടിയിട്ടും നിങ്ങളുടെ ക്ഷീണം മാറുന്നില്ലെങ്കിലോ? ദിവസം മുഴുവന്‍ അലസത നിറഞ്ഞ് ഊര്‍ജ്ജമില്ലാതെ എപ്പോഴും ക്ഷീണിതനായി കാണപ്പെട്ടാലോ? നിങ്ങള്‍ നന്നായി ഉറങ്ങുകയും മതിയായ വിശ്രമം നേടുകയും ചെയ്തിട്ടും എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

അടിസ്ഥാനപരമായി, പല കാരണങ്ങളാല്‍ ഉണ്ടാകാവുന്ന ഒരു സാധാരണ പ്രശ്‌നമാണ് ക്ഷീണം. നിരന്തരമായ ക്ഷീണത്തിന്റെ കാരണങ്ങള്‍ പലതും നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളുമാകാം. എന്നാല്‍, മിക്ക കേസുകളിലും വിട്ടുമാറാത്ത ക്ഷീണം ഒരു വ്യക്തിയുടെ ഒന്നോ അതിലധികമോ ആയ ശീലങ്ങളോ ദിനചര്യകളോ കാരണമായിരിക്കും. പ്രത്യേകിച്ച് വ്യായാമത്തിന്റെ അഭാവം. അതിനാല്‍, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങളുടെ പ്രതിദിന ഊര്‍ജ്ജ നില മെച്ചപ്പെടുത്താന്‍ സഹായിക്കും.

ക്ഷീണത്തെ എങ്ങനെ നേരിടാം

കാന്‍സര്‍ അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള ഗുരുതരമായ പല അസുഖങ്ങളും നിങ്ങളെ തളര്‍ത്തുമെങ്കിലും, കുറഞ്ഞ ഹീമോഗ്ലോബിന്‍, വിറ്റാമിന്‍ കുറവ്, ഹൈപ്പോതൈറോയിഡ്, ഉറക്കമില്ലായ്മ മുതലായ ആരോഗ്യസ്ഥിതികളും നിങ്ങളെ പതിവായി ക്ഷീണിതനായി മാറ്റിയേക്കാം. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വിഷാദം, ഉത്കണ്ഠ എന്നിവ പോലുള്ളവയും നിങ്ങളെ തളര്‍ത്തുന്നവയാണ്. മേല്‍പ്പറഞ്ഞ എല്ലാ കാരണങ്ങളാലും നിങ്ങള്‍ക്ക് പതിവായി ക്ഷീണം അനുഭവപ്പെടാം. അതിനാല്‍ ഒരു ഡോക്ടറെ സമീപിച്ച് വേണ്ട നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തി നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലരായി തുടരാവുന്നതാണ്

പോഷകസമൃദ്ധമായ ഭക്ഷണം

വയറ് നിറയാന്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനു പകരം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ഉപയോഗിച്ച് വയറ് നിറയ്ക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. കുറഞ്ഞത് 3 വ്യത്യസ്ത തരം പഴങ്ങളെങ്കിലും ദിവസം ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തണം. നിങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും ദിവസം മുഴുവന്‍ നിങ്ങളെ സജീവമായി നിലനിര്‍ത്താനും പഴങ്ങളും പച്ചക്കറികളും സഹായിക്കും.

ഇരുമ്പ് അടങ്ങിയ ഭക്ഷണം

വിളര്‍ച്ച കാരണം നിങ്ങള്‍ക്ക് പതിവായി ക്ഷീണം അനുഭവപ്പെടാം. ശരീരത്തില്‍ ഇരുമ്പിന്റെ കുറവാലാണ് ഇത് സംഭവിക്കുന്നത്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കുറവായതിനാല്‍ നിങ്ങളുടെ ടിഷ്യൂകളിലേക്കും പേശികളിലേക്കും ഓക്‌സിജന്‍ കൊണ്ടുപോകുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും രോഗവും അണുബാധയും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് വിളര്‍ച്ച കൂടുതലായി കാണപ്പെടുന്നത്. നിങ്ങളുടെ ഭക്ഷണത്തില്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, മാംസം, ബീന്‍സ്, കടല, പയറ്, നട്‌സ്, ധാന്യങ്ങള്‍ തുടങ്ങിയവ.

Leave a Reply

Your email address will not be published. Required fields are marked *