Thursday, April 10, 2025
Kerala

അച്ഛന് കൂലിപ്പണിയാണ്, മിക്കപ്പോഴും പട്ടിണിയാ, ക്യാമ്പിൽ വരുന്നത് എന്തേലും കഴിക്കാൻ വേണ്ടിയാണ്, വീട്ടിൽ കറണ്ടുമില്ല സാറേ, എനിക്ക് പഠിക്കണം

തന്റെ വീട്ടിലെ ദയനീയാവസ്ഥ കലക്ടർക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞു കൊണ്ട് വിശദീകരിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനി. പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹിന് മുന്നിലാണ് കുട്ടി കരഞ്ഞുപോയത്. കണമല സെന്റ് തോമസ് യുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജ്യോതി ആദിത്യയുടെ തുറന്നു പറച്ചിൽ കലക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും ഈറനണിയിക്കുകയും ചെയ്തു.

അട്ടത്തോട് ട്രൈബർ സ്‌കൂളിലെ ക്യാമ്പിൽ സന്ദർശനത്തിനെത്തിയതായിരുന്നു കലക്ടർ. എനിക്ക് പഠിക്കണം സാറേ എന്നായിരുന്നു ജ്യോതിയുടെ ആദ്യ വാക്കുകൾ. വീട്ടിൽ കറണ്ടില്ല. ഞങ്ങൾക്ക് കറണ്ട് ഒന്ന് തരാൻ പറ. എനിക്ക് അതുമാത്രം മതി.

വീടിനുടുത്ത് വരെ പോസ്റ്റ് കൊണ്ടിട്ടു. വയറിംഗും കഴിഞ്ഞു. എന്നിട്ടും കറണ്ട് ഇതുവരെ കിട്ടിയില്ല. അച്ഛന് കൂലിപ്പണിയാണ്. വല്ലപ്പോഴുമേ ഇപ്പോൾ പണിയുള്ളു. പലപ്പോഴും പട്ടിണിയാണ്. എന്തേലും കഴിക്കാൻ വേണ്ടിയാണ് ക്യാമ്പിൽ വരുന്നതെന്നും കുട്ടി പറഞ്ഞതോടെ കണ്ടുനിന്നവർക്കും കരച്ചിൽ പൊട്ടി

എന്നാൽ ജ്യോതിയുടെ പ്രശ്‌നങ്ങൾക്കെല്ലാം പി ബി നൂഹ് അപ്പോൾ തന്നെ പരിഹാരവും കണ്ടിരുന്നു. അടുത്ത തിങ്കളാഴ്ച ജ്യോതിയെ കാണാൻ താൻ വരുന്നുണ്ടെന്നും അപ്പോഴേക്കും വീട്ടിൽ കറണ്ട് ഉണ്ടായിരിക്കുമെന്നും പഠിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്നും കലക്ടർ ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *