പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ പിതാവിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി. ജിസാനില്‍ പിതാവിനെ കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തി കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത കുറ്റത്തിനാണ് ബംഗ്ലാദേശി പൗരന്‍ ഷാഹിന്‍ മിയയുടെ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇയാള്‍ പിതാവ് അയൂബ് അലിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിന് താഴെ കുഴിച്ചിടുകയായിരുന്നു. പ്രതി ലഹരിമരുന്നിന് അടിമയായിരുന്നു. സുരക്ഷാ വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റം ചെയ്തതായി അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കേസ് പ്രത്യേക കോടതിക്ക് റഫര്‍ ചെയ്തു. വിചാരണയില്‍ പ്രതിക്ക് വധശിക്ഷ നല്‍കുകയും വിധിയെ മേല്‍ക്കോടതികള്‍ ശരിവെക്കുകയുമായിരുന്നു. വിധി നടപ്പാക്കാന്‍ സൗദി റോയല്‍ കോര്‍ട്ട് ഉത്തരവിട്ടു. തുടര്‍ന്ന് പ്രതിയെ ജിസാനില്‍ വധശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു.