മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; പിതാവിനെ കൊലപ്പെടുത്തി യുവാവ്
ഡൽഹിയിൽ മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തി യുവാവ്. ഇന്നലെ വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ സുബാഷ് പ്ലേസിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ന്യൂഡൽഹിയിലെ ഷക്കൂർപൂർ ഗ്രാമത്തിലെ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്.
ഡൽഹിയിൽ സുബാഷ് പ്ലേസിൽ തർക്കം നടക്കുന്നു എന്ന് വിവരം ലഭിച്ചതാണ് ഡൽഹി പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കാണുന്നത് പരിക്കേറ്റ് നിലത്തു കിടക്കുന്ന സുരേഷിനെയാണ്. ശരീരം മുഴുവൻ മുറിവുകളും ചോര പൊടിഞ്ഞ പാടുകളും ഉണ്ടായിരുന്നു. തുടർന്ന്, ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പണവുമായി ബന്ധപ്പെട്ട മകൻ അജയ്യുമായി നടന്ന തർക്കമാണ് കയ്യേറ്റത്തിലും തുടർന്ന് പിതാവ് സുരേഷിന്റെ മരണത്തിലും കലാശിച്ചത് എന്ന് നോർത്ത് വെസ്റ്റ് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഉഷാ രംഗ്‌നാനി പറഞ്ഞു. മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് നടന്ന തർക്കത്തിനിടെ മകൻ സുരേഷിനെ മർദിക്കുകയായിരുന്നു. മകനായ അജയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡിസിപി പറഞ്ഞു.