കണ്ടത്തുവയൽ ഇരട്ടക്കൊലപാതകം: പ്രതി വിശ്വനാഥന് വധശിക്ഷ
വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. തൊട്ടിൽപ്പാലം മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനാണ്(48) വധശിക്ഷ. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. വിശ്വനാഥൻ കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ജൂലൈ ആറിനാണ് നവദമ്പതികളായിരുന്ന ഉമ്മർ(26), ഭാര്യ ഫാത്തിമ(19)എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മാസത്തെ അന്വേഷണത്തിലൊടുവിലാണ് വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്
മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ വിശ്വനാഥൻ ദമ്പതിമാരെ അടിച്ചുകൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഫാത്തിമയുടെ ശരീരത്തിലെ ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറിയാണ് പ്രതി രക്ഷപ്പെട്ടത്.