ഇന്ത്യയ്ക്കെതിരായ കനത്ത പരാജയം; ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ട് ന്യൂസീലൻഡ്
ഇന്ത്യക്കെതിരായ ഏകദിന പരമ്പര അടിയറ വച്ച ന്യൂസീലൻഡിന് ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ടു. രണ്ടാം മത്സരത്തിലേറ്റ കനത്ത പരാജയമാണ് ന്യൂസീലൻഡിന് തിരിച്ചടിയായത്. രണ്ടാം മത്സരത്തിനു മുൻപ് 115 റേറ്റിംഗുമായി ന്യൂസീലൻഡാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. മത്സരത്തിനു ശേഷം ന്യൂസീലൻഡ് 113 പോയിൻ്റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി.
നിലവിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമുകൾക്കും 113 പോയിൻ്റാണ് ഉള്ളത്. ആദ്യ സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് ഉള്ളത്. രണ്ടാം ഏകദിനത്തിനു മുൻപ് 112 റേറ്റിംഗുമായി ഇന്ത്യ നാലാമതായിരുന്നു.
രണ്ടാം ഏകദിനത്തിൽ ഇന്ത്യ 9 വിക്കറ്റിനാണ് വിജയിച്ചത്. ന്യൂസീലൻഡിനെ 108 റൺസിന് ചുരുട്ടിക്കൂട്ടിയ ഇന്ത്യ രോഹിത് ശർമയുടെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 21ആം ഓവറിലെ ആദ്യ പന്തിൽ വിജയത്തിലെത്തി. രോഹിത് ശർമ (51) ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ ശുഭ്മൻ ഗിലും (40 നോട്ടൗട്ട്) തിളങ്ങി.
ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി തിളങ്ങിയ മത്സരത്തിൽ കിവിപ്പട 34.3 ഓവറിൽ 109 റണ്ണുകളിൽ ഒതുങ്ങുകയായിരുന്നു.