Thursday, April 10, 2025
National

മൂക്കിലൂടെ നൽകുന്ന ‘നേസൽ കൊവിഡ് വാക്സിൻ’ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കും

ലോകത്തിലെ ആദ്യ ഇൻട്രാനേസൽ കൊവിഡ് വാക്സിൻ ‘ഇൻകോവാക്’ ജനുവരി 26-ന് പുറത്തിറക്കും. ഭാരത് ബയോടെക് ആണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭോപ്പാലിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ വിദ്യാർത്ഥികളുമായുള്ള സംഭാഷണത്തിനിടെയാണ് റിപ്പബ്ലിക് ദിനത്തിൽ നേസൽ വാക്സിൻ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് കൃഷ്ണ അറിയിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 23 നാണ് വാക്സിൻ ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചത്. അതിനുമുമ്പ് 18 വയസും അതിനുമുകളിലും പ്രായമുള്ളവരിൽ അടിയന്തിര സാഹചര്യങ്ങളിൽ ഇൻട്രാനേസൽ വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകാരം നൽകിയിരുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഓരോ ഡോസിനും ഭാരത് ബയോടെക് നിശ്ചയിച്ചിരിക്കുന്ന വില 325 (കൂടാതെ ജിഎസ്ടി) രൂപയാണ്. സ്വകാര്യ ആശുപത്രികളും വാക്സിനേഷൻ സെന്ററുകളും ഡോസ് ഒന്നിന് 800 രൂപ നൽകണം. ഭാരത് ബയോടെക് പറയുന്നതനുസരിച്ച് മൂക്കിലൂടെ നൽകുന്ന ഈ വാക്സിൻ CoWIN വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി നിങ്ങൾക്ക് ബുക്ക് ചെയ്യാനാകും. സ്വകാര്യ ആശുപത്രികളിലും ഇത് ലഭ്യമാക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുകയും OTP [ഒറ്റത്തവണ-പാസ്‌വേഡ്] നൽകി ഒരു സ്ലോട്ട് തെരഞ്ഞെടുക്കാവുന്നതാണ്.

18 വയസ്സിന് മുകളിലുള്ള ആർക്കും ഇൻട്രാനേസൽ വാക്‌സിൻ സ്വീകരിക്കാം. കൊവിഡ് വാക്‌സിനേഷന്റെ ബൂസ്റ്ററായി മാത്രമേ ഇൻട്രാനേസൽ ഉപയോഗിക്കാവൂ. പ്രാഥമിക ഡോസായിട്ടല്ല ഇത് ഉപയോഗിക്കേണ്ടത്. ഇതിന് രണ്ട് ഡോസ് കൊവിഡ് വാക്സിൻ ഉപയോഗിച്ച് മുൻകൂർ വാക്സിനേഷൻ ആവശ്യമാണ്. കൂടാതെ രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസമായിരിക്കണം ബൂസ്റ്റർ ഡോസ് എടുക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *