ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ; ഒമാനിൽ പെരുന്നാൾ നാളെ
ദുബായ്: ഒമാൻ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ നാളെയായിരിക്കും ഈദുൽഫിത്തർ. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണിത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിൽ പ്രവാസിമലയാളികളടക്കമുള്ളവർ സജീവമാകും. മക്കയിലും മദീനയിലും പെരുന്നാളിന് വിശ്വാസികളെ സ്വീകരിക്കാൻ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നോമ്പിന്‍റെ പുണ്യത്തിൽ ചെറിയ പെരുനാളിനെ വരവേൽക്കുകയാണ് ഗൾഫ് ലോകം. സൗദിയിലെ മൂൺ സൈറ്റിങ് കമ്മിറ്റിയാണ് മാസപ്പിറവി കണ്ടതായി ആദ്യം അറിയിച്ചത്. പിന്നാലെ യുഎഇയും ബഹ്‌റൈനും ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളും ഈദുൽ ഫിത്തർ നാളെ ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകപ്പള്ളിയിലും പെരുന്നാൾ നമസ്കാരത്തിന് ദശലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിയിരിക്കുന്നത്. സൗദിയിൽ മാത്രം ഇരുപതിനായിരത്തിലേറെ പള്ളികളിലാണ് നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ ചെയ്തിരിക്കുന്നത്. കൊവിഡിന്‍റെ നിബന്ധനകളില്ലാതെ പള്ളികളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കാനാകുന്നതിന്‍റെ സന്തോഷത്തിലാണ് വിശ്വാസി സമൂഹം.
യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, എന്നിവിടങ്ങളിൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരമുണ്ടാകും. ഗള്‍ഫിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്ഗാഹുകളുണ്ട്. പെരുന്നാൾ വെള്ളിയാഴ്ച ആയതിനാൽ ഈദ് നമസ്കാരവും വെള്ളിയാഴ്ച പ്രാർഥനയും രണ്ടായി നടത്തണമെന്ന് യുഎഇയിൽ നിർദ്ദേശമുണ്ട്. എന്നാൽ സൗദിയിൽ രണ്ട് പ്രാർഥനകളിലും പ്രത്യേകം പങ്കെടുക്കുന്ന കാര്യത്തിൽ വിശ്വാസികൾക്ക് തീരുമാനം എടുക്കാം.
യുഎഇയിൽ വിവിധയിടങ്ങളിലായി വൻ ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഗ്ലോബൽ വില്ലേജ്, അബുദാബി യാസ് ഐലൻഡ്, കോർണിഷ് റോഡ് എന്നിവ അടക്കം സ്ഥലങ്ങളിൽ വെടിക്കെട്ട് നടക്കും. അതേസമയം, റമസാൻ വ്രതം ആരംഭിച്ചത് ഒരുമിച്ചായിരുന്നെങ്കിലും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ. ഈദുൽ ഫിത്തർ പ്രമാണിച്ചു ഒമാനിൽ 89 വിദേശികളടക്കം 198 തടവുകാരെ വിട്ടയക്കുന്നതായി ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രഖ്യാപിച്ചു.