വെള്ളനാട് കിണറ്റില്‍ വീണ കരടിയുടേത് മുങ്ങിമരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കിണറ്റില്‍ വീണ കരടിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കരടിയുടെ ശരീരത്തില്‍ മറ്റ് പരുക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും അവയവങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ചത്ത കരടിയുടെ പ്രായം പത്ത് വയസിന് അടുത്താണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ വനം വകുപ്പ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കരടി ചത്ത സംഭവം അപ്രതീക്ഷിതമെന്നു ചൂണ്ടിക്കാട്ടിയുള്ള പ്രാഥമിക റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കാനാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ ചാപ്റ്ററിന്റെ തീരുമാനം.
കരടിയെ മയക്കുവെടി വെയ്ക്കും മുന്‍പ് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും, ഫയര്‍ഫോഴ്‌സിനെ വിളിച്ചു വെള്ളം വറ്റിക്കാന്‍ വൈകി തുടങ്ങിയ കാര്യങ്ങളാണ് വനം വകുപ്പിനെതിരെയുള്ള ആക്ഷേപങ്ങള്‍. വിവാദമായതിനു പിന്നാലെ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു.
കരടിയെ മയക്കുവെടി വയ്ക്കാനുള്ള തീരുമാനം ഒറ്റയ്‌ക്കെടുത്തതല്ലെന്ന് തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.ജേക്കബ് അല്കസാണ്ടര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. കരടിയാണെന്ന് ഉറപ്പിച്ച ശേഷമാണ് വെടിവച്ചതെന്നും ഡോക്ടര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.