ജിദ്ദയിലെ അരാംകോ പെട്രോളിയം സ്‌റ്റേഷന് നേർക്ക് ഹൂതി ആക്രമണം; എണ്ണ ടാങ്കിന് തീപിടിച്ചു
സൗദി അറേബ്യയിലെ ജിദ്ദയിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ എണ്ണ ടാങ്കിന് തീപിടിച്ചു. സൗദി അരാംകോയുടെ പെട്രോളിയം വിതരണ സ്‌റ്റേഷനിലേക്കാണ് യെമനിലെ ഹൂതി വിമതർ മിസൈലാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ജിസാനിലെ അരാംകോ റഫൈനറിയിലേക്ക് നടന്ന മിസൈലാക്രമണത്തിന് പിന്നാലെയാണിത്
ജില്ല അരാംകോ പെട്രോളിയം സ്‌റ്റേഷനിലേക്ക് നടന്ന ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. തീ നിയന്ത്രണവിധേയമാക്കിയെന്നും അറിയിപ്പിൽ പറയുന്നു. ജിദ്ദ എണ്ണവിതരണ കേന്ദ്രത്തിൽ നിന്നും തീപിടിച്ച് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജിസാനിലെ ജലശുദ്ധീകരണ പ്ലാന്റ്, ദഹ്‌റാൻ അൽ ജനൂബ് നഗരത്തിലെ പവർ സ്റ്റേഷൻ, ഖമീസ് മുശൈത്തിലെ ഗ്യാസ് സ്റ്റേഷൻ, ജിസാനിലെ അരാംകോ പ്ലാന്റ് എന്നിവക്ക് നേരെയാണ് ഹൂതികൾ ആദ്യം ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകർത്തു
യാംബു അരാംകോ സ്‌റ്റേഷന് നേരെ വന്ന മൂന്ന് ഡ്രോണുകൾ സഖ്യ സേന നശിപ്പിച്ചു. വ്യത്യസ്ത ആക്രമണങ്ങളിൽ വീടുകളും വാഹനങ്ങളും തകർന്നു. ആർക്കും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.