അബൂദാബി ഇരട്ട സ്‌ഫോടനം: കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ഇന്ത്യക്കാർ; ആറ് പേർക്ക് പരുക്ക്
അബൂദാബിയിൽ രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആറ് പേർക്ക് പരുക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബൂദാബി വിമാനത്താവളത്തിലുമാണ് സ്‌ഫോടനങ്ങൾ നടന്നത്
മുസഫ സ്‌ഫോടനത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി. ഡ്രോൺ ആക്രമണമാണെന്നാണ് സൂചന. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറയുന്നു
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ ഹൂതികൾ സൗദിയിൽ നിരവധി ആക്രമണം നടത്തിയിരുന്നു.