Monday, January 6, 2025
Gulf

അബഹ എയർപോർട്ടിൽ ഡ്രോൺ ആക്രമണ ശ്രമം; സഖ്യസേന തകർത്തു

റിയാദ്: അബഹ ഇന്റർനാഷണൽ എയർപോർട്ടിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സ്വദേശികളും വിദേശികളും അടക്കം ആയിരക്കണക്കിന് യാത്രക്കാർ ദിവസേന കടന്നുപോകുന്ന അബഹ വിമാനത്താവളത്തിൽ ഹൂത്തിൽ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചത്. വെടിവെച്ചിട്ട പൈലറ്റില്ലാത്ത വിമാനത്തിന്റെ ഭാഗങ്ങൾ അബഹ എയർപോർട്ടിൽ പതിച്ചു. ഡ്രോൺ ഭാഗങ്ങൾ പതിച്ച് എയർപോർട്ടിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകൾ സംഭവിച്ചിട്ടില്ലെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.

സ്‌ഫോടക വസ്തുക്കൾ വഹിച്ച റിമോട്ട് കൺട്രോൾ ബോട്ട് ഉപയോഗിച്ച് ഭീകരാക്രമണം നടത്താനുള്ള ഹൂത്തികളുടെ മറ്റൊരു ശ്രമവും ഞായറാഴ്ച സഖ്യസേന പരാജയപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ചെങ്കടലിന് തെക്കാണ് ഹൂത്തികൾ ഭീകരാക്രമണത്തിന് ശ്രമിച്ചത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അൽഹുദൈദയിൽ നിന്നാണ് ഞായറാഴ്ച വൈകിട്ട് ബോട്ട് തൊടുത്തുവിട്ടത്. മേഖലാ, ആഗോള സുരക്ഷക്കും സമുദ്ര ഗതാഗതത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും ഭീഷണിയായ ബോട്ട് സഖ്യസേന തകർക്കുകയായിരുന്നു.

അന്താരാഷ്ട്ര നിയമങ്ങളും അൽഹുദൈദയിൽ വെടിനിർത്തലിനുള്ള സ്റ്റോക്ക്‌ഹോം സമാധാന കരാറും നഗ്നമായി ലംഘിച്ച്, അൽഹുദൈദ താവളമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകളും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നതും കടലിൽ മൈനുകൾ പാകുന്നതും ഹൂത്തികൾ തുടരുകയാണെന്ന് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
അബഹ എയർപോർട്ടിൽ യാത്രക്കാരെയും ജീവനക്കാരെയും ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോൺ തൊടുത്തുവിട്ടതിനെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ അപലപിച്ചു. ഹൂത്തികളുടെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തകർക്കാൻ കഴിയും വിധം സഖ്യസേന പാലിക്കുന്ന ജാഗ്രതയെ ഒ.ഐ.സി സെക്രട്ടറി ജനറൽ പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *