യുവതിയെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിടുമെന്ന് മക്കളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തി; ഭര്‍ത്താവിന് കനത്ത പിഴ ചുമത്തി ദുബായ് കോടതി
മക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിന് കനത്ത പിഴ ചുമത്തി ദുബായ് കോടതി. മക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ക്കാണ് 3000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചത്.
വീടിന്റെ മുകള്‍ നിലയില്‍ വച്ച് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുന്നതിനിടെയായിരുന്നു ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ഭീഷണി. ദൈവത്തിനാണേ നിന്നെ ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് എടുത്തെറിയുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ഇതുകേട്ടുനിന്ന കുട്ടികള്‍ വല്ലാതെ ഭയന്നെന്നും യുവതി പറയുന്നു.
ഇതാദ്യമായല്ല ഭര്‍ത്താവ് തന്നെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്നതെന്നാണ് യുവതിയുടെ പരാതി. പിതാവ് നിരന്തരം തന്റെ മാതാവിനെ ഭീഷണിപ്പെടുത്താറുണ്ടെന്ന് യുവതിയുടെ മകനും മൊഴി നല്കി. തന്നെ ഉപദ്രവിക്കുന്നതിനായി ഭര്‍ത്താവ് സുഹൃത്തിന് 20,000 ദിര്‍ഹം വരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് കോടതിയില്‍ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയായിരുന്നു.