Monday, January 6, 2025
National

രാജസ്ഥാനിൽ ഭർത്താവിന്റെ മുന്നിൽ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

45 കാരിയെ ഭർത്താവിന്റെ കൺമുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ നാല് പേർ ചേർന്നാണ് പീഡിപ്പിച്ചത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം.

ബുധനാഴ്ച രാത്രി ദമ്പതികൾ ഉറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് നാലുപേർ വീട്ടിൽ കയറി ദമ്പതികളെ ബന്ദികളാക്കിയത്. കവർച്ച നടത്തുകയായിരുന്നു ഉദ്ദേശം. യുവതിയുടെ ഭർത്താവിനെ വിവസ്ത്രനാക്കിയ ശേഷം 1400 രൂപ കൈക്കലാക്കി. കൂടുതൽ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അവർ ആവശ്യപ്പെട്ടെങ്കിലും കുറച്ച് വെള്ളി ആഭരണങ്ങൾ ഒഴികെ ദമ്പതികൾക്ക് കാര്യമായൊന്നും ഉണ്ടായിരുന്നില്ല.

മറ്റൊന്നും കിട്ടാതെ വന്നപ്പോൾ കവർച്ചക്കാർ യുവതിയെ ഭർത്താവിന്റെ കൺമുന്നിൽ വച്ച് ബലാത്സംഗം ചെയ്തു. യുവതിയുടെ ഭർത്താവ് കാവൽക്കാരനായി ജോലി ചെയ്തിരുന്നതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (പിന്ദ്വാര) ജെത്തു സിംഗ് പറഞ്ഞു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടപടിയിലേക്ക് നീങ്ങിയതായും 3 പേരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. നാലാമനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *