Tuesday, January 7, 2025
World

ഇന്ത്യന്‍ ദമ്പതികളെ അമേരിക്കയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ബാല്‍ക്കണിയില്‍ കരഞ്ഞ് തളര്‍ന്ന് നാലുവയസ്സുകാരിയായ മകള്‍

ന്യൂഡല്‍ഹി: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍ ബുധനാഴ്ച കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലുവയസുകാരിയായ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്കു നിന്ന് കരയുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛന്‍ ഭരത് രുദ്രാവറിനെ പോലിസ് വ്യാഴാഴ്ചയാണ് വിവരമറിയിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് ഭരത് രുദ്രാവര്‍ പറഞ്ഞു. മൃതദേഹ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിവരമറിയിക്കാമെന്ന് യുഎസ് പോലിസ് അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരുമകള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പ്രസവസംബന്ധമായി തങ്ങള്‍ യുഎസിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും ഭരത് രുദ്രാവര്‍ പറഞ്ഞു. ബാലാജി, ആരതിയുടെ വയറ്റില്‍ കുത്തിയതിന്റെയും വീട്ടില്‍ പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നും ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മകന്റേത് സന്തുഷ്ട കുടുംബമായിരുന്നുവെന്നും അയല്‍വാസികളുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എട്ട്പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചതായും ഭരത് പറഞ്ഞു. ബാലാജിയ്ക്ക് ന്യുജഴ്‌സിലെ ഇന്ത്യന്‍ സമൂഹത്തില്‍ ധാരാളം സൗഹൃദങ്ങളുള്ളതായും പേരക്കുട്ടി മകന്റെ സുഹൃത്തിനൊപ്പമാണ് ഇപ്പോഴുള്ളതെന്നും ഭരത് രുദ്രാവര്‍ അറിയിച്ചു. 2014 ഡിസംബറില്‍ വിവാഹിതരായ ബാലാജിയും ആര്‍തിയും 2015 ലാണ് ന്യൂജഴ്‌സിയിലേക്ക് പോയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *