പുതിയ നേതൃത്വത്തിൽ റോൾ പ്രതീക്ഷിച്ച് തരൂര്‍: അഭിനന്ദിച്ച് സോണിയ ഗാന്ധി, ചര്‍ച്ച നടത്തി
കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ശശി തരൂര്‍ എംപി സന്ദര്‍ശിച്ചു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ച വച്ച തരൂരിനെ സോണിയ അനുമോദിച്ചു. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു. എഐസിസി തെരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് തരൂര്‍ സോണിയയെ നേരിൽ കണ്ടെത്ത്.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഖര്‍ഗെയുടെ നേതൃത്വത്തിൽ പാര്‍ട്ടിയിൽ ഉണ്ടാവുന്ന മാറ്റങ്ങളിൽ തന്നെ കൂടി പരിഗണിക്കണം എന്നാണ് തരൂരിൻ്റെ നിലപാട്. വര്‍ക്കിംഗ് പ്രസിഡൻ്റ് പദവിയോ വൈസ് പ്രസിഡൻ്റ് പദവിയോ തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം രാഹുലിനേയും സോണിയയേയും തരൂര്‍ അറിയിച്ചേക്കും.
താൻ മത്സരിക്കാൻ രംഗത്തിറങ്ങിയതോടെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പും പാര്‍ട്ടിയും വലിയ രീതിയിൽ ചര്‍ച്ചയായെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയര്‍ത്തി പിടിച്ച് മത്സരിക്കാനും പത്തിലൊരാളുടെ പിന്തുണ നേടാനും സാധിച്ചെന്ന് തരൂര്‍ അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് പുറത്ത് നിന്നും തരൂരിന് കിട്ടിയ ജനപിന്തുണ കൂടി കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തെ കൂടെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകാനാവും ഖര്‍ഗെ ആഗ്രഹിക്കുക. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കിൽ അങ്ങനെ തന്നെ സംഭവിക്കാനാണ് സാധ്യത