സഞ്ജുവും സച്ചിനും തിളങ്ങി’: കശ്മീരിനെതിരെ കേരളത്തിന് വിജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കശ്മീരിനെതിരെ കേരളത്തിന് 62 റൺസ് ജയം. തുടർച്ചയായ രണ്ട് പരാജയങ്ങളുടെ ഭാരവുമായിറങ്ങിയ കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവർ അർധസെഞ്ച്വറി നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബേസിൽ തമ്പിയും കെ.എം. ആസിഫും ബൗളിങ്ങിൽ തിളങ്ങി. ഇതോടെ കേരളം നോക്കൗട്ട് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്.ഇതോടെ ആറ് കളികളിൽ നിന്ന് കേരളത്തിന് 16 പോയിന്റായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം 20 ഓവറിൽ 184/ 4 നേടി. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ കശ്മീർ ടീം 19 ഓവറിൽ 122 റൺസിന് എല്ലാവരും പുറത്താക്കുകയായിരുന്നു. 185 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കശ്മീരിന് ശുഭം ഖജൂരിയയും ഹെനൻ നാസറും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞതോടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നൽകി കശ്മീർ ബാറ്റർമാർ പവലിയനിലെക്ക് മടങ്ങുകയായിരുന്നു.
സച്ചിൻ ബേബിയുമായി 90 റൺസിന്റെ കൂട്ടുകെട്ടാണ് സഞ്ജു പടുത്തുയർത്തിയത്. 32 ബോളിൽ നിന്ന് ഏഴ് ബൗണ്ടറികളുടെയും മൂന്ന് പടുകൂറ്റൻ സിക്‌സുകളുടെയും അകമ്പടിയോടെ 62 റൺസാണ് സച്ചിൻ നേടിയത്. സഞ്ജു 56 ബോളിൽ നിന്ന് ആറ് ബൗണ്ടറികളും ഒരു സിക്‌സും അടക്കം 61 റൺസ് നേടി.
കശ്മീരിനായി മുജ്താബ് യൂസഫ് നാലോവറിൽ 44 റൺസ് നൽകി രണ്ട് വിക്കറ്റ് വീഴ്ത്തി. ആബിദ് മുഷ്താഖ് നാലോവറിൽ 34 റൺസ് നൽകി ഒരു വിക്കറ്റും ഉമ്രാൻ മാലിക് നാലോവറിൽ 41 റൺസ് നൽകി ഒരു വിക്കറ്റും വീഴ്ത്തി.