Wednesday, January 8, 2025
Kerala

ഇലന്തൂർ നരബലി; അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നത് തടയണം, പ്രതികൾ ഹൈക്കോടതിയിൽ

ഇലന്തൂർ നരബലി കേസിൽ പൊലീസ് കസ്റ്റഡിക്കെതിരെ മൂന്ന് പ്രതികളും ഹൈക്കോടതിയിൽ. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർ അഡ്വ.ബി.എ. ആളൂർ മുഖേന ഹർജി സമർപ്പിച്ചു. 12 ദിവസത്തേക്കുള്ള കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ പ്രതികളെ കൊണ്ടുപോകുന്നത് വിലക്കണം. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നത് തടയണമെന്നും പ്രതികൾ ഹർജിയിലൂടെ ആവശ്യപ്പെട്ടു. കസ്റ്റഡി സമയത്തും പ്രതികളെ കാണാൻ അനുമതി നൽകണമെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.

അതേസമയം കേസിലെ ഒന്നാം പ്രതി ഷാഫിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നുണ്ട്. പ്രതിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാഗമായി അടുത്ത ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കി ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഷാഫിയുടെ സഹതടവുകാർ ആയിരുന്നവരെ കുറിച്ചും സമ്പത്തീക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഷാഫി പലപ്പോഴും നൽകുന്ന മൊഴികളിലെ വൈരുധ്യം പോലിസ് പരിശോധിക്കുന്നുണ്ട്.

ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. ഒരു വർഷം മുൻപ് കൊലപാതകം നടന്നിട്ടുണ്ടെന്നാണ് ലൈലയുടെ മൊഴി. ചോദ്യം ചെയ്യലിൽ ഷാഫി ലൈലയുടെ മൊഴി തള്ളിപ്പറഞ്ഞു.

പത്മ, റോസ്‌ലി എന്നിവരുടെ കൊലപാതകങ്ങളാണ് നിലവിൽ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടുള്ളത്. മൂന്നാമത് ഒരു കൊലപാതകം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിനിടയിലാണ് ലൈല മൊഴി നൽകുന്നത്. ഒരു വർഷം മുൻപ് കൊലപാതകം നടന്നിട്ടുണ്ടെന്ന് ഷാഫി തന്നോട് പറഞ്ഞതായി ലൈല അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ പറയുന്നു.

കൊലപാതക ശേഷം അവയവങ്ങൾ താൻ വിറ്റതായും ഷാഫി പറഞ്ഞതായി ലൈല മൊഴി നൽകി. ഇതിന് പിന്നാലെ ഷാഫിയുടെ മൊഴിയെടുത്തപ്പോഴാണ് ഷാഫി ഇക്കാര്യങ്ങളെ തള്ളിപ്പറഞ്ഞത്. ലൈലയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിന് വേണ്ടി താൻ കള്ളം പറഞ്ഞെന്നാണ് ഷാഫി മൊഴി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *