Wednesday, April 16, 2025
Kerala

‘ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദിക്കുന്നത് കണ്ടിട്ടില്ല’; പി ആര്‍ അരവിന്ദാക്ഷന്റെ ആരോപണം തള്ളി മുഖ്യസാക്ഷി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന പി ആര്‍ അരവിന്ദാക്ഷന്റെ ആരോപണം തള്ളി മുഖ്യസാക്ഷി ജിജോര്‍. 9 ദിവസത്തോളം ഉണ്ടായിരുന്നെങ്കിലും ആരെയും മര്‍ദിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് ജിജോറിന്റെ പ്രതികരണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എല്ലാ ക്യാബിലും സിസിടിവി ക്യാമറകളുണ്ട്. ഇഡി ഒരിക്കല്‍ പോലും ചീത്ത വാക്ക് പ്രയോഗിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലാണ് നടന്നതെന്നും അരവിന്ദാക്ഷന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ജിജോര്‍ പറഞ്ഞു.

പി ആര്‍ അരവിന്ദാക്ഷന്റെ പരാതിയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറെടുക്കുകയാണ് പൊലീസ്. ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. അരവിന്ദാക്ഷന്റെ മൊഴി എടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. അതേസമയം തിടുക്കപ്പെട്ട നടപടികളിലേക്ക് പൊലീസ് കടന്നേക്കില്ല. കേന്ദ്ര ഏജന്‍സിയുമായി നേരിട്ട് ഏറ്റുമുട്ടേണ്ട എന്ന നിലപാട് വിഷയത്തില്‍ പൊലീസിനുണ്ട്.

ഇ ഡി ഉദ്യോഗസ്ഥര്‍ വടികൊണ്ട് മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണമാണ് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും സിപിഐഎം പ്രാദേശിക നേതാവുമായ അരവിന്ദാക്ഷന്‍ ഉന്നയിച്ചത്. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചന്നാണ് അരവിന്ദാക്ഷന്റെ പരാതി. ഇഡി ഉദ്യോഗസ്ഥര്‍ വടികൊണ്ട് കൈയ്യിലും മുതുകിലും അടിച്ചുവെന്ന് അരവിന്ദാക്ഷന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കരുവന്നൂര്‍ തട്ടിപ്പില്‍ ഇപി ജയരാജന്റെയും കെ രാധാകൃഷ്ണന്റെയും എ സി മൊയ്തീന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചു. നേതാക്കളുടെ പേര് പറഞ്ഞാല്‍ കേസില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മകളുടെ വിവാഹ നിശ്ചയദിവസം വീട്ടില്‍ വന്നു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *