ആരോപണത്തിൽ വസ്തുത ഇല്ല; സുധാകരനെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്ന മോൻസന്റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച്
കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്ന മോൻസന്റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച്. ആരോപണത്തിൽ വസ്തുത ഇല്ല. ശിക്ഷവിധി കഴിഞ്ഞ കേസിൽ വീണ്ടും പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നതിൽ വസ്തുത ഇല്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കെ സുധാകരന്റെ പേര് മൊഴിയിൽ ഉണ്ടായിരുന്നില്ല. ശിക്ഷാവിധി കഴിഞ്ഞ ശേഷം ഒരാളുടെ പേര് പറയാൻ പറയുന്നതിൽ എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് ക്രൈംബ്രാഞ്ച് ചോദിച്ചു.
പോക്സോ കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും സുധാകരൻ്റെ പേര് പറയിക്കാൻ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മോൻസൻ കോടതിയിൽ പറഞ്ഞത്. സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന് പറയണമെന്ന് നിർബന്ധിച്ചു. കെ.സുധാകരൻ്റെ പേരു പറഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തി .പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നും മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞിരുന്നു.
അതേസമയം മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരന്റെ വിശ്വസ്തനായ എബിൻ എബ്രഹാമിനെതിരെയും കൂടുതൽ തെളിവുകൾ പുറത്തുവിട്ട പരാതിക്കാർ. എബിൻ എബ്രഹാം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിളിക്കുന്ന ശബ്ദരേഖ 24ന് ലഭിച്ചു. ഉദ്യോഗസ്ഥനോട് എബിൻ കേസിൻ്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമോ എന്ന് എബിൻ ചോദിക്കുന്നുണ്ട്. മോൻസൻ അറസ്റ്റിലായ സമയത്ത് നടന്നതാണ് ഈ സംഭാഷണം. ഇതിനെ തുടർന്ന് എബിനേയും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കം നടത്തുന്നു. ഈ കേസിൽ തങ്ങൾ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല എന്ന് സുധാകരനും എബിൻ എബ്രഹാമും നേരത്തെ പറഞ്ഞതിന് ശേഷമാണ് ഈ ശബ്ദ രേഖ പുറത്തു വന്നത്.