Monday, January 6, 2025
Kerala

ഷാഫി ആഭിചാരങ്ങളിലേക്ക് തിരിഞ്ഞത് ജയില്‍ വാസത്തിന് ശേഷം; അവയവ മാഫിയ ആരോപണം തള്ളി പൊലീസ്

പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഷാഫി ആഭിചാര ക്രിയകളിലേക്ക് തിരിഞ്ഞത് ജയില്‍ വാസത്തിന് ശേഷമെന്ന് പൊലീസ്. പുത്തന്‍കുരിശില്‍ 75കാരിയെ പീഡിപ്പിച്ച കേസില്‍ 2020ലായിരുന്നു ഷാഫിയുടെ ജയില്‍വാസം. ഷാഫിയ്‌ക്കൊപ്പമുണ്ടായിരുന്ന സഹതടവുകാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. ദുര്‍മന്ത്രവാദ കേസുകളില്‍ പിടിയിലായവര്‍ ഒപ്പമുണ്ടായിരുന്നോയെന്നും ദുര്‍മന്ത്രവാദികളുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കും.

നരബലിക്ക് പിന്നില്‍ അവയവ മാഫിയയാണെന്ന ആരോപണങ്ങള്‍ തള്ളുകയാണ് പൊലീസ്. വൃത്തിഹീനമായ സാഹചര്യത്തില്‍ അവയവ മാറ്റം നടത്താനാകില്ലെന്ന് കമ്മിഷണര്‍ സി എച്ച് നാഗരാജു പ്രതികരിച്ചു. ഷാഫി മറ്റ് പ്രതികളെ തെറ്റിദ്ധരിച്ചോ എന്ന് പരിശോധിക്കുകയാണ്. പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. പത്മയുടെ നഷ്ടപ്പെട്ട ഫോണും സ്വര്‍ണവും സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായാണ് മൂന്നാം പ്രതി ലൈലയുടെ മൊഴി. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്നാണ് ലൈലയുടെ മൊഴി. ചോദ്യം ചെയ്യലില്‍ ഷാഫി ലൈലയുടെ മൊഴി തള്ളിപ്പറഞ്ഞു.

പത്മ, റോസ്ലി എന്നിവരുടെ കൊലപാതകങ്ങളാണ് നിലവില്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടുള്ളത്. മൂന്നാമത് ഒരു കൊലപാതകം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിനിടയിലാണ് ലൈല മൊഴി നല്‍കുന്നത്. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്ന് ഷാഫി തന്നോട് പറഞ്ഞതായി ലൈല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *