Friday, January 10, 2025
Kerala

ആയുഷ് വകുപ്പിലെ പിന്‍വാതില്‍ നിയമന ആരോപണം; പി.കെ.ഫിറോസിനെ തള്ളി ആരോഗ്യമന്ത്രി

ആയുഷ് വകുപ്പിലെ നിയമനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നത് പിഎസ്‌സി വഴിയാണ്. പി കെ ഫിറോസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് വീണ ജോര്‍ജ് ആരോപിച്ചു. ആരോഗ്യവകുപ്പിനെ ഇകഴ്ത്താനുള്ള കുപ്രചാരണങ്ങള്‍ തള്ളണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്നാണ് പി കെ ഫിറോസ് ഉന്നയിക്കുന്ന ആരോപണം. ആയുഷ് വകുപ്പിന് കീഴിലെ 900 ത്തോളം തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിച്ചു.. നിയമനങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം നിയമപരമായി നീങ്ങുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

ഒരിടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിയമന വിവാദം ഉയരുന്നത്. ആയുഷ് വകുപ്പിന് കീഴില്‍ ഡോക്ടര്‍മാര്‍ മുതല്‍ താഴേക്കുളള വിവിധ തസ്തികകളില്‍ 900 ത്തോളം പിന്‍വാതില്‍ നിയമനം നടന്നുവെന്നാണ് യൂത്ത് ലീഗ് ആരോപണം. നിയമനം നേടിയവരുടെ പേര് വിവരവും അവരുടെ പാര്‍ട്ടി പശ്ചാത്തലവും ഉള്‍പ്പെടെ പി കെ ഫിറോസ് പുറത്തുവിട്ടു.

ഈ നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പി കെ ഫിറോസ്, സര്‍ക്കാര്‍ സമഗ്രാന്വേഷണത്തിന് തയ്യാറാകണമെന്നും കൂട്ടിച്ചേര്‍ത്തു. അല്ലാത്തപക്ഷം വിഷയത്തില്‍ രാഷ്ട്രീയ പോരാട്ടത്തിനൊപ്പം നിയമ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *