ഉഗാണ്ടയിൽ ഇന്ത്യൻ വ്യവസായി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്
ഉഗാണ്ടയിലെ കിസോറോ പട്ടണത്തിൽ 24 കാരനായ ഇന്ത്യൻ വ്യവസായിയെ പൊലീസ് കോൺസ്റ്റബിൾ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. കുന്താജ് പട്ടേൽ എന്നയാളാണ് മരിച്ചത്. ഫീൽഡ് ഫോഴ്‌സ് യൂണിറ്റിലെ പൊലീസ് കോൺസ്റ്റബിൾ എലിയോഡ ഗുമിസാമുനെ(21) അറസ്റ്റ് ചെയ്തതായി ഡെയ്‌ലി മോണിറ്റർ പത്രം റിപ്പോർട്ട് ചെയ്തു.
കുറ്റാരോപിതനായ പൊലീസുകാരൻ മറ്റ് വ്യക്തികളോടൊപ്പം ഇന്ത്യൻ വ്യാപാരിയുടെ കടയിലെത്തി നെഞ്ചിൽ വെടിവെച്ചതായി പ്രാദേശിക പൊലീസ് വക്താവ് എലി മാറ്റിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇരയെ ഗുരുതരാവസ്ഥയിൽ കിസോറോ ജില്ലയിലെ മുതലേരെയിലെ സെന്റ് ഫ്രാൻസിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതി ഇപ്പോൾ കിസോറോ പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കെനിയയിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. റിപ്പോർട്ടിനെക്കുറിച്ച് കെനിയൻ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.