വീടിൻ്റെ വാതിലിനു പിങ്ക് പെയിൻ്റടിച്ചു; 48കാരിയ്ക്ക് 19 ലക്ഷം രൂപ പിഴ
വീടിൻ്റെ വാതിലിനു പിങ്ക് പെയിൻ്റടിച്ച 48കാരിയ്ക്ക് 19 ലക്ഷം രൂപ പിഴ. സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ താമസിക്കുന്ന മിരാൻഡ ഡിക്ക്സൺ എന്ന 48കാരിക്കാണ് അധികൃതർ പിഴയിട്ടിരിക്കുന്നത്. പെയിൻ്റ് മാറ്റിയില്ലെങ്കിൽ പിഴ അടയ്ക്കണം. ഇൻഡിപെൻഡൻ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
എഡിൻബറോയിലെ ന്യൂ ടൗണിൽ താമസിക്കുന്ന മിരാൻഡ തൻ്റെ വീടിൻ്റെ വാതിലിന് പിങ്ക് പെയിൻ്റടിച്ചത് സിറ്റി കൗൺസിൽ എതിർത്തു. നഗരാസൂത്രണം അനുസരിച്ച് വെള്ള പെയിൻ്റാണ് വാതിലിന് അടിയ്ക്കേണ്ടതെന്ന് സിറ്റി കൗൺസിൽ അധികൃതർ അറിയിച്ചെങ്കിലും മിരാൻഡ ഇതിനു തയ്യാറായില്ല. തുടർന്നാണ് അധികൃതർ ഇവർക്ക് പിഴയിട്ടത്. മാതാപിതാക്കൾ താമസിച്ചിരുന്ന വീട് 2019ലാണ് ഇവർ ഏറ്റെടുത്തത്. രണ്ട് വർഷത്തോളമെടുത്ത് വീട് പുതുക്കിപ്പണിത ഇവർ അവസാന വാതിലിന് പിങ്ക് നിറം നൽകാൻ തീരുമാനിക്കുകയായിരുന്നു.