സ്വിസ്സ് പോരാട്ട വീര്യത്തിന് അവസാനം; ഷൂട്ടൗട്ടിൽ സെമിയിലേക്ക് ജയിച്ചു കയറി സ്‌പെയിൻ
യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് സ്‌പെയിൻ സെമിയിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഡെന്നിസ് സക്കറിയയുടെ സെൽഫ് ഗോളിലൂടെ സ്‌പെയിൻ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 68ാം മിനിറ്റിൽ ഷാക്കീരിയുടെ ഗോളിലൂടെ സ്വിസ്സ് സമനില പിടിച്ചു. 77ാം മിനിറ്റിൽ റെമോ ഫ്രെവുലർ റെഡ് കാർഡ് വഴങ്ങി പുറത്തുപോയിട്ടും സ്വിറ്റ്‌സർലാൻഡ് കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു
സ്വിസ്സ് ഗോളി സോമ്മറിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. നിശ്ചിത സമയത്തും അധിക സമയത്തും സ്പാനിഷ് താരങ്ങളുടെ ഒരുപിടി ഷോട്ടുകളാണ് സോമ്മർ തടുത്തു നിർത്തിയത്.
ഷൂട്ടൗട്ടിൽ സ്‌പെയിന് വേണ്ടി ആദ്യം കിക്കെടുത്ത ബുസ്‌ക്വെറ്റ്‌സിന് പിഴച്ചു. ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. സ്വിസ്സിനായി ഗാവ്രോനോവിച്ച് എടുത്ത ഷോട്ട് വലയിൽ കയറുകയും ചെയ്തു. അടുത്ത ഷോട്ടിൽ ഡാനി ഓൽമോ സ്‌പെയിനിനെ ഒപ്പമെത്തിച്ചു. എന്നാൽ സ്വിസ്സ് താരം ഫാബിയൻ ഷാറിന്റെ ഷോട്ട് പാഴായി.
മൂന്നാമത്തെ കിക്ക് സ്‌പെയിനിനും സ്വിസ്സിനും പിഴച്ചു. സ്‌പെയിനിന് വേണ്ടി നാലാം കിക്കെടുത്ത ജെറാർഡ് മൊറേനോയുടെ ഷോട്ട് വലയിൽ. സ്വിസ്സിന്റെ നാലാം ഷോട്ടെടുത്ത റൂബൻ വർഗാസിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. സ്‌പെയിൻ അഞ്ചാം കിക്കും വലയിലാക്കിയതോടെ ഷൂട്ടൗട്ടിൽ 3-1ന്റെ ജയവുമായി അവർ ക്വാർട്ടറിൽ പ്രവേശിച്ചു