Wednesday, April 16, 2025
World

ബീജദാനത്തിലൂടെ ജന്മം നല്‍കിയത് അഞ്ഞൂറിലധികം കുട്ടികള്‍ക്ക്; ഡച്ച് പൗരനെതിരെ നടപടിക്കൊരുങ്ങി അധികൃതര്‍

ബീജദാനത്തിലൂടെ അഞ്ഞൂറിലധികം കുട്ടികള്‍ ജനിച്ചതായി സംശയിക്കുന്ന ഡച്ച് പൗരനെതിരെ നടപടിക്കൊരുങ്ങി അധികൃതര്‍. 41കാരനായ ജോനാഥനെതിരെയാണ് ബീജദാനത്തിന്റെ പേരില്‍ നടപടി. ഇതിനോടകം ലോകമെമ്പാടും 500ലധികം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഇയാള്‍ ഇനിയും ബീജം ദാനം ചെയ്താല്‍ 88,000 പൗണ്ട് (ഏകദേശം 90ലക്ഷത്തിലധികം രൂപ) പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.

2017ല്‍ നെതര്‍ലന്‍ഡ്‌സിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളിലേക്ക് ബീജം ദാനം ചെയ്യുന്നതില്‍ നിന്ന് ജോനാഥനെ വിലക്കിയിരുന്നു. എന്നാല്‍ ഇയാള്‍ ബീജദാനം അവസാനിപ്പിക്കാന്‍ തയ്യാറായില്ല എന്നുമാത്രമല്ല, വിദേശത്തും ഓണ്‍ലൈനായും ബീജദാനം തുടര്‍ന്നു.

ജോനാഥന്‍ ബീജം നല്‍കിയ ക്ലിനിക്കുകളുടെ ലിസ്‌റ്റെടുക്കാനും ബീജം നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ഒരു ബീജ ദാതാവിന് പരമാവധി 25 കുട്ടികളെ വരെ ജനിപ്പിക്കാമെന്നാണ് ഡച്ച് ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. എന്നാല്‍ 2007ല്‍ ബീജം ദാനം ചെയ്യാന്‍ തുടങ്ങിയതുമുതല്‍ അഞ്ഞൂറിലധികം കുട്ടികള്‍ക്കാണ് ജോനാഥന്‍ ജന്മം നല്‍കിയത്.

താന്‍ ഇത്രയധികം പേര്‍ക്ക് ബീജം ദാനം ചെയ്‌തെന്ന വിവരം ഇയാള്‍ മറച്ചുവച്ചാണ് ഈ പ്രവൃത്തി തുടര്‍ന്നതെന്ന് ഹേഗിലെ ജില്ലാ കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ജനിക്കുന്ന നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് മാനസിക സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കും. ബീജം സ്വീകരിച്ച മാതാപിതാക്കളോട് വിവരങ്ങള്‍ പ്രതി മനപൂര്‍വ്വം മറച്ചുവയ്ക്കുകയായിരുന്നുവെന്നും കോടതി പറഞ്ഞു.

ഫെര്‍ട്ടിലിറ്റി രംഗത്ത് നെതര്‍ലന്‍ഡ്‌സില്‍ മുന്‍പും അഴിമതികള്‍ നടന്നിട്ടുണ്ട്. 2009ലാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗികളെ അവരുടെ സമ്മതമില്ലാതെ ബീജസങ്കലനം നടത്താന്‍ സ്വന്തം ബീജം ഉപയോഗിച്ച ഡച്ച്‌ഫെര്‍ട്ടിലിറ്റി ഡോക്ടര്‍ 49 കുട്ടികളുടെ പിതാവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *