Tuesday, January 7, 2025
Kerala

കണ്ണൂരിൽ കൊവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി

കൊവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് പോസിറ്റീവ് ഗര്‍ഭിണിയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒമ്പതാമത്തെ സിസേറിയന്‍ വഴിയുള്ള പ്രസവമാണിത്.

ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഈ സമയത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യന്ന വലിയ സേവനങ്ങളുടെ ഉദാഹരണമാണിത്. കുഞ്ഞിനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നതായും മന്ത്രി വ്യക്തമാക്കി.

സിസേറിയനിലൂടെ ഉച്ചയ്ക്ക് 12.30 മണിയോടെയാണ് 2 ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും കോവിഡ് രോഗത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളും ഇരട്ടക്കുട്ടികളാണെന്നതും സര്‍ജ്ജറി സങ്കീര്‍ണമാക്കിയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിത്ത്, അസോ. പ്രൊഫസര്‍ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് പൂര്‍ണ കോവിഡ് സുരക്ഷാ സംവിധാനങ്ങളോടെ സര്‍ജ്ജറി നടത്തിയത്. 24 ന് നടത്തിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് പ്രത്യേക കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുന്ന യുവതിയുടെ ഒടുവില്‍ നടത്തിയ ആന്റിജെന്‍ ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഫലം നെഗറ്റീവായിട്ടുണ്ട്. അമ്മയുടേയും 2 കുട്ടികളുടേയും ആരോഗ്യനില നിലവില്‍ ആശങ്കാജനകമല്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ്, പ്രിന്‍സിപ്പാള്‍ ഡോ. കെ.എം. കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *