Monday, January 6, 2025
World

‘തലച്ചോറ് ഭക്ഷിക്കും അമീബ’; ആദ്യ മരണം സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ

നൈഗ്ലെറിയ ഫൗവ്‌ലേറി എന്ന അപകടകാരിയായ സൂക്ഷ്മാണുവിന്റെ ആക്രമണം മൂലമുണ്ടാകുള്ള ആദ്യ മരണം സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ. അപൂർവമായി കാണപ്പെടുന്ന ഈ അമീബയുടെ ആക്രമണം മൂലമുണ്ടാകുന്ന അസുഖത്തെ തുടർന്ന് അൻപതുകാരനായ വ്യക്തിയാണ് മരണപ്പെട്ടതെന്ന് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തു. തായ്‌ലാൻഡിലെക്കുള്ള യാത്രയ്ക്കിടെയാണ് അൻപതുകാരന് രോഗബാധയുണ്ടാകുന്നതായി സംശയിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് പത്ത് ദിവസത്തിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു.

മരിച്ച വ്യക്തി ഡിസംബർ 10ന് കൊറിയയിൽ എത്തും മുൻപ് നാല് മാസത്തോളം തായ്‌ലൻഡിൽ താമസിച്ചിരുന്നതായി കൊറിയ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ ഏജൻസി വ്യക്തമാക്കി. കൊറിയയിൽ എത്തിയ ശേഷമാണ് നൈഗ്ലെറിയ ഫൗവ്‌ലേറി സ്ഥിരീകരിക്കുന്നത്.

‘തലച്ചോറ് ഭക്ഷിക്കുന്ന അമീബ’ എന്നാണ് നൈഗ്ലെറിയ ഫൗവ്‌ലേറി അറിയപ്പെടുന്നത്. ഈ അസുഖം ശരീരത്തെ ബാധിച്ചതിന് പിന്നാലെ തലവേദന, പനി, ഛർദി, സംസാരിക്കാൻ ബുദ്ധിമുട്ട്, കഴുത്തിൽ മുറുക്കം എന്നിവ അനുഭവപ്പെടും. ഈ ലക്ഷണങ്ങളെല്ലാം ശ്രദ്ധയിൽപ്പെട്ട ദക്ഷിണ കൊറിയൻ സ്വദേശി വൈദ്യസഹായം തേടുകയും ഉടൻ തന്നെ അടിയന്തര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.

കുളം, തടാകം എന്നിവയിലാണ് നൈഗ്ലെറിയ ഫൗവ്‌ലേറി കാണപ്പെടുന്നത്. മലിനമായ ജലം മൂക്കിലൂടെ കയറിയാൽ നൈഗ്ലെറിയ ഫൗവ്‌ലേറി തലച്ചോറിനെ ബാധിക്കുന്ന അണുബാധയായ പ്രൈമറി അമീബിക്ക് മെനിഞ്ചോഎൻസിഫലൈറ്റിസ് എന്ന അസുഖത്തിന് കാരണമാകും.

അസുഖത്തിന്റെ ആദ്യ ഘട്ട ലക്ഷണങ്ങളാണ് തലവേദനയും, ഛർദിയും പനിയും. രണ്ടാം ഘട്ടത്തിൽ ഹാലുസിനേഷനും, അപസ്മാരവും ഉണ്ടാകും. പിന്നീട് രോഗി കോമയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്.

ദക്ഷിണ കൊറിയയിലെ ആദ്യ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എങ്ങനെയാണ് ആ രോഗം പകരുന്നതെന്നുള്ള വിവരങ്ങൾ കെഡിസിഎ കണ്ടെത്തിയിട്ടില്ല. എന്നാൽ മലിന ജലത്തിൽ നീന്തുക, ഇത് മൂക്കിലൂടെ കയറ്റുക എന്നിവയിലൂടെ അസുഖം പകരാമെന്ന് കെഡിസിഎ അറിയിച്ചു.

അത്യന്തം അപകടകരമായ അസുഖമാണ് ഇത്. 1962 മുതൽ 2021 വരെയുള്ള കണക്കെടുത്താൽ അമേരിക്കയിൽ ഈ രോഗം ബാധിച്ച 154 പേരിൽ ഇതുവരെ 4 പേർ മാത്രമേ ജീവിതത്തിലേക്ക് മടങ്ങിയെത്തിയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *