ഒബിസി സംവരണമില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി യുപി സർക്കാർ
ഒബിസി സംവരണമില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി യുപി സർക്കാർ. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ ഹർജി നൽകി. ഉത്തർ പ്രദേശ് സർക്കാരിന്റെ വിഞ്ജാപനമാണ് കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് സൗരവ് ലവാനിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) സംവരണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഡിസംബര്‍ 5 ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനമാണ് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് റദ്ദാക്കിയത്. സുപ്രീം കോടതി നിര്‍ദേശിച്ച ട്രിപ്പിള്‍ ടെസ്റ്റ് ഫോര്‍മുല പാലിക്കാതെ ഒബിസി സംവരണ കരട് തയ്യാറാക്കിയതിനെ ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് വിധി.
സംവരണം നിശ്ചയിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി ഫോര്‍മുല പിന്തുടരണമെന്നും ഒ ബി സികളുടെ രാഷ്ട്രീയ പിന്നാക്കാവസ്ഥ പഠിക്കാന്‍ സമര്‍പ്പിത കമ്മീഷനെ രൂപീകരിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ ദ്രുത സര്‍വേ നടത്തിയെന്നും ട്രിപ്പിള്‍ ടെസ്റ്റ് ഫോര്‍മുല പോലെ മികച്ചതാണ് ഇത് എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.