Saturday, October 19, 2024
World

അതിര്‍ത്തി കടന്ന് ഉത്തര കൊറിയന്‍ ഡ്രോണുകള്‍; മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ; സംഘര്‍ഷാവസ്ഥ തുടരുന്നു

ഉത്തരകൊറിയ അതിര്‍ത്തി മറികടന്ന് ഡ്രോണ്‍ നിരീക്ഷണം നടത്തിയതായുള്ള ആരോപണമുയര്‍ത്തി ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങളും സോനാവിന്യാസവും നിരീക്ഷണവും ശക്തമാക്കിയതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഉത്തര കൊറിയയുടെ അഞ്ച് ഡ്രോണുകള്‍ അതിര്‍ത്തി കടന്നെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. മുന്നറിയിപ്പ് വെടിവച്ച് ഡ്രോണുകളെ തുരത്തിയതായും ദക്ഷിണ കൊറിയ അറിയിച്ചു.

ഡ്രോണുകള്‍ അതിര്‍ത്തി മറികടന്നത് വ്യക്തമായ പ്രകോപനമായിട്ടാണ് ദക്ഷിണ കൊറിയ കാണുന്നത്. പ്രകോപനം ആവര്‍ത്തിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി പറഞ്ഞു. പ്രകോപനത്തിന് മറുപടിയായാണ് മുന്നറിയിപ്പ് വെടിയുതിര്‍ക്കുകയും യുദ്ധവിമാനങ്ങള്‍ വിക്ഷേപിക്കുകയും ചെയ്തതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. ഉത്തര കൊറിയയുടെ ഏതെങ്കിലും ഡ്രോണുകള്‍ വെടിയേറ്റ് വീണിട്ടുണ്ടോ എന്നതിന് സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

ആര്‍ക്കും പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദക്ഷിണ കൊറിയന്‍-യുഎസ് സംയുക്ത സൈനിക അഭ്യാസങ്ങളോടുള്ള പ്രതികരണമാണ് ഉത്തര കൊറിയയുടെ പ്രകോപനമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തരകൊറിയന്‍ ഡ്രോണുകള്‍ അതിര്‍ത്തി കടക്കുന്നത്. അഞ്ച് ഡ്രോണുകളില്‍ ഒന്ന് ഉത്തര കൊറിയയിലേക്ക് തന്നെ മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വളരെ പെട്ടെന്ന് ദക്ഷിണ കൊറിയന്‍ റഡാറുകളുടെ പരിധിയില്‍ നിന്ന് അപ്രത്യക്ഷമായ മറ്റ് ഡ്രോണുകള്‍ക്ക് എന്ത് സംഭവിച്ചെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published.