Wednesday, January 8, 2025
Kerala

ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം ശംഖുമുഖത്ത്’; സാഗരകന്യക ഗിന്നസ് ബുക്കിൽ

തിരുവനന്തപുരം ശംഖുമുഖത്ത് കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ്. ലോകത്തെ ഏറ്റവും വലിയ മല്‍സ്യകന്യകാശില്‍പമെന്ന റെക്കോഡാണ് അപേക്ഷിക്കാതെ തന്നെ ഗിന്നസ് അധികൃതര്‍ നല്‍കിയത്.

പ്രതിഫലം വാങ്ങാതെയാണ് കാനായി ഈ സൃഷ്ടി പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ അപേക്ഷിക്കാതെ തന്നെ ഗിന്നസ് അധികൃതര്‍ ഏറ്റവും വലിയ സാഗര കന്യകാ ശില്‍പമെന്ന റെക്കോഡിന്റെ സാക്ഷ്യപത്രവും സമ്മാനിച്ചു. എണ്‍പത്തിയേഴ് അടി നീളവും ഇരുപത്തഞ്ചടി ഉയരവുമുള്ള കോണ്‍ക്രീറ്റ് ശില്‍പം.1990 ല്‍ വിനോദസഞ്ചാര വകുപ്പാണ് കാനായിയെ ശില്‍പമൊരുക്കാന്‍ ചുമതലപ്പെടുത്തിയത്. 92 ല്‍ സാഗര കന്യക പൂര്‍ത്തിയായി.

ശില്‍പം അശ്ലീലമെന്ന് പറഞ്ഞ് ജില്ലാ കലക്ടര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതും അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ഇടപെട്ട് ശില്‍പം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചതുമെല്ലാം ചരിത്രം. എന്നാല്‍ ഈ ശില്‍പ്പത്തിന്റെ ഭംഗി നശിപ്പിക്കുന്ന തരത്തില്‍ സമീപത്ത് സ്ഥാപിച്ച ഹെലിക്കോപ്ടര്‍ നീക്കം ചെയ്യണമെന്ന കാനായിയുടെ ആവശ്യം വിനോദസഞ്ചാര വകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ല. ലോക്ഡൗണ്‍ കാലത്താണ് ഈ ഹെലികോപ്ടര്‍ ഇവിടെ സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *