ചൈനയില്‍ കൊവിഡ് നിരക്കുകള്‍ കുത്തനെ ഉയരുന്നു; ലോക്ക്ഡൗണിനെതിരെ പ്രതിഷേധം
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചത്. നഗരത്തിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന്, കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. ‘ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യം മുഴക്കിയാണ് നൂറുകണക്കിനാളുകള്‍ നഗരത്തില്‍ പ്രതിഷേധിച്ചത്.
പ്രതിഷേധങ്ങള്‍ സംബന്ധിച്ച് സോഷ്യല്‍ മിഡിയിയല്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സിന്‍ജിയാങ് തലസ്ഥാനമായ ഉറുംഖിയില്‍ നിന്നുള്ളതാണന്ന് റോയിട്ടേഴ്സ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ്പ്രതിഷേധം. 10ലധികം പേര്‍ തീപിടുത്തത്തില്‍ മരിച്ചിരുന്നു.
പുതുതായി 35,183 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഇടവേളയ്ക്ക് ശേഷം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മഹാമാരി വീണ്ടും പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞു.
ചൈനയിലെ തെക്ക് കിഴക്കന്‍ നഗരമായ ചോങ്കിംഗില്‍ 32 മില്യണ്‍ ആളുകളാണ് താമസിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസത്തേക്കാള്‍ 20 ശതമാനം അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 7721 പുതിയ കേസുകളായി. തെക്കന്‍ ചൈനയിലെ നഗരമായ ഗ്വാങ്ഷൗയില്‍ വെള്ളിയാഴ്ച 7,419 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെബെയ്, സിചുവാന്‍, ഷാന്‍സി, ക്വിന്‍ഹായ് പ്രവിശ്യകളിലും ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്.