Thursday, January 9, 2025
World

ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്നു; നിരവധി മരണം

ബീജിംഗ്: ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. വിഷവാതകം ശ്വസിച്ച് നിരവധിയാളുകള്‍ മരിച്ചു. ഇതുവരെ 8 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 3 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ദക്ഷിണ ചൈനയിലെ ഗുയ്‌സോയി പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ ഫാക്ടറിയിലാണ് വാതക ചോര്‍ച്ച ഉണ്ടായത്. മീഥൈല്‍ ഫോര്‍മേറ്റ് എന്ന വാതകം ചോര്‍ന്നാണ് ദുരന്തമുണ്ടായത്. കമ്പനിയില്‍ നിന്നും കൊണ്ടുപോകുന്നതിനായി വാഹനത്തിലേയ്ക്ക് മാറ്റുന്നതിനിടെ വാതകം ചോരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാതക ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി പേര്‍ കമ്പനിക്ക് സമീപം ബോധരഹിതരായി വീണിരുന്നുവെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

വിവിധതരം രാസപ്രക്രിയകള്‍ക്കും കീടനാശിനിയിലുമെല്ലാം ഉപയോഗിക്കുന്ന മീഥൈല്‍ ഫോര്‍മേറ്റ് ശ്വസിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചൈനയില്‍ രാസവസ്തുക്കളുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് സമീപകാലത്ത് മരിച്ചത്. 2019ല്‍ കിഴക്കന്‍ ചൈനയില്‍ നടന്ന അപകടത്തില്‍ 78 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *