രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം, വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നത്; മന്ത്രി വി ശിവൻകുട്ടി
വിഴിഞ്ഞത്ത് സമരക്കാർ സംഘർഷം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. ഏഴ് ആവശ്യങ്ങളിൽ ആറും അംഗീകരിച്ചു. ഓരോ ദിവസവും പുതിയ ആവശ്യം ഉന്നയിക്കുന്നു. ഒത്തുതീർപ്പ് ഉണ്ടാക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നത്. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
അതേസമയം, തുറമുഖ നിർമ്മാണം വീണ്ടും തുടങ്ങാനുള്ള നീക്കത്തിനെതിരെ വിഴിഞ്ഞം തീരവാസികളുടെ സമരം തുടരുകയാണ്. തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം സമരഭൂമി ഇന്ന് യുദ്ധക്കളമായി. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറും ഉണ്ടായി.