Saturday, October 19, 2024
World

കിംഗ്സ് ഗാർഡിന്റെ തൊപ്പികൾ നിർമ്മിക്കാൻ ഓരോ വർഷവും കൊല്ലുന്നത് 100 കരടികളെ; പ്രതിഷേധം ശക്തം

ലണ്ടനിലെ കൊട്ടാരത്തിലെ കാവൽക്കാരുടെ തൊപ്പികൾ ശ്രദ്ധിച്ചിട്ടില്ലേ? കറുത്ത രോമങ്ങൾ കൊണ്ട് അതീവ ഭംഗിയിൽ നിർമ്മിച്ച ആ തലപ്പാവുകൾ ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. ബെയർസ്കിൻ എന്നാണ് ഈ തലപ്പാവുകൾ അറിയപ്പെടുന്നത്. ഇപ്പോഴും കരടികളുടെ രോമം കൊണ്ടുതന്നെയാണ് ഇവ നിർമിക്കുന്നതെന്നും പ്രതിവർഷം നൂറിനടുത്ത് കരടികളെയാണ് തലപ്പാവുകളുടെ നിർമാണത്തിനായി കൊല്ലുന്നതെന്നുമുള്ള വാർത്തകൾ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

ഭടന്മാരുടെ ഔദ്യോഗിക വസ്ത്രത്തിന്റെ ഭാഗമാണ് കരടിത്തോലിൽ നിർമിച്ച തലപ്പാവ്. ബ്രിട്ടിഷ് സ്വദേശിയായ കൊട്ടാരത്തിലെ കാവൽക്കാർക്ക് വേണ്ടിയുള്ള ഈ തലപ്പാവുകൾ ഒരുക്കുന്നത്. ഇതിന് ആവശ്യമായ കരടി രോമങ്ങൾ രാജ്യാന്തര മാർക്കറ്റിൽ നിന്ന് ലേലത്തിൽ വാങ്ങുകയാണ്. ഒരു തോലിന് 650 പൗണ്ട് അതായത് 61000 രൂപ വില. അൻപതിനും നൂറിനും ഇടയ്ക്ക് കരടിത്തോലുകളാണ് പ്രതിവർഷം ഇതിനായി വാങ്ങുന്നത്.

കനേഡിയൻ ബ്ലാക്ക് ബെയർ വിഭാഗത്തിൽപ്പെട്ട കരടികളുടെ തോലാണ് തൊപ്പി നിർമാണത്തിന് ഉപയോഗിക്കുന്നത്. പെൺകരടികളുടെ കട്ടിയുള്ള രോമം നിറഞ്ഞ തോലുകളാണ് അതിൽ പ്രധാനം. പിന്നീട് ഇവയിൽ കറുത്ത നിറം ചേർത്ത ശേഷമാണ് തലപ്പാവായി നിർമിച്ചെടുക്കുന്നത്. തലപ്പാവ് നിർമിക്കുന്നതിനായി ഇത്രയധികം കരടികളെ കൊന്നെടുക്കുന്നതിനെതിരെ പതിറ്റാണ്ടുകൾക്കു മുൻപുതന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

പ്രതിവർഷം ഇതിനായി നൂറ് കരടികളെയാണ് കൊല്ലുന്നത് എന്ന വാർത്ത പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായത്. മൃഗങ്ങളെ കൊന്നൊടുക്കാതെ ഇതേ മാതൃകയിൽ തലപ്പാവ് ഉണ്ടാക്കാൻ ഇപ്പോഴത്തെ കാലഘട്ടത്തിൽ സാധിക്കുമെന്ന സാഹചര്യമുണ്ടായിട്ടും ഇപ്പോഴും എന്തിനാണ് പരമ്പരാഗത രീതിയിൽ തന്നെ തലപ്പാവ് നിർമ്മിക്കുന്നത് എന്ന ചോദ്യവും ഉയർന്നുവന്നിട്ടുണ്ട്.

തലപ്പാവ് നിർമ്മിക്കാൻ വേണ്ടിയുള്ള തോലിനായി കരടികളെ അതിക്രൂരമായി കൊലപ്പെടുത്തുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. മറ്റു മാർഗങ്ങൾ പരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ അവയ്ക്കൊന്നും കരടി രോമം പോലെ സ്വാഭാവികമായി ഈർപ്പത്തെ തടഞ്ഞു നിർത്താനുള്ള സാധിക്കുന്നില്ല. മറ്റേതൊരു വസ്തു ഉപയോഗിച്ചാലും കാവൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് ഇവ ഉപയോഗിക്കുന്നത് എന്നുമാണ് വിശദീകരണം നൽകിയത്.

 

Leave a Reply

Your email address will not be published.