പ്രതിഷേധം ശക്തം; മതപരിവര്‍ത്തന നിരോധന ബില്‍ നാളെ കര്‍ണാടക നിയമസഭ ചര്‍ച്ചക്കെടുക്കും
ബെംഗളുരു: മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ണ്ണാടക നിയമസഭ നാളെ ചര്‍ച്ചക്കെടുക്കും. ബില്‍ നാളെ രാവിലെ പത്തിന് ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി അറിയിച്ചു. നിര്‍ബന്ധിത മതമാറ്റം നടത്തുവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദ്ദേശിക്കുന്നതാണ് ബില്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. നിര്‍ബന്ധിച്ചോ, സമ്മര്‍ദം ചെലുത്തിയോ, കബളിപ്പിച്ചോ, വിവാഹ വാഗ്ദാനം നല്‍കിയോ മതപരിവര്‍ത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും. മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നല്‍കുന്ന പരാതി പ്രകാരം പോലീസിന് കേസെടുക്കാം.
നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.
അതേ സമയം മതപരിവര്‍ത്തന നിരോധന ബില്ലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. ബെംഗളൂരുവില്‍ 40 സംഘടനകളുടെ കൂട്ടായ്മ പ്രതിഷേധം നടത്തി.