മുടിമുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകൾ; മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധം കടുക്കുന്നു
ഇറാനിൽ ശിരോവസ്ത്രത്തിന്റെ പേരിൽ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ പ്രതിഷേധം കടുക്കുന്നു. ഇറാനിയൻ സ്ത്രീകൾ മുടിമുറിച്ചും ഹിജാബ് കത്തിച്ചുമാണ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇറാനിയൻ മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ പ്രതിഷേധ വിഡിയോ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോമ സ്‌റ്റേജിലായിരുന്ന മഹ്‌സ അമിനി എന്ന ഇറാൻ മുൻ ഫുട്‌ബോൾ താരം കൂടിയായ യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്. മഹ്‌സയുടെ മരണത്തിൽ പ്രതിഷേധിച്ച മുപ്പതോളം പേരെ ഇറാൻ പൊലീസ് തല്ലിച്ചതച്ചു.
മഹ്‌സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാൻ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്ത നൽകിയതിന് പിന്നാലെയാണ് പരസ്യ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. യുഎൻ പൊതുസമ്മേളനത്തിനായി പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ന്യൂയോർക്ക് സന്ദർശനത്തിന് തൊട്ടുമുൻപാണ് ഈ സംഭവവികാസങ്ങൾ. മഹ്‌സിയുടെ മരണത്തിൽ ഇബ്രാഹിം റെയ്‌സി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.