യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും; ഇത് റഷ്യയ്ക്കുള്ള ഭീഷണിയല്ലെന്ന് ബൈഡന്‍
റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈനെ സഹായിക്കുന്നതിനായി യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും. മാരക പ്രഹരശേഷിയുള്ള ലെപ്പേഡ് ടാങ്കറുകള്‍ ഉടന്‍ യുക്രൈന് കൈമാറുമെന്ന് ജര്‍മനി അറിയിച്ചു. M1 എബ്രാംസ് ടാങ്കറുകളാണ് അമേരിക്ക യുക്രൈന് കൈമാറുക.
14 ജര്‍മന്‍ നിര്‍മിത ലെപ്പേഡ്-2 ടാങ്കറുകളാണ് ജര്‍മനി യുക്രൈന് കൈമാറാനിരിക്കുന്നത്. ജര്‍മനിയില്‍ നിന്നും ടാങ്കറുകളെത്താന്‍ വൈകുന്നതില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ആശങ്കയും നിരാശയും പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജര്‍മനി യുദ്ധടാങ്കറുകള്‍ കൈമാറാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നത്.
യൂറോപ്യന്‍ സഖ്യകക്ഷികളുമായുള്ള ടെലിഫോണ്‍ കോളുകള്‍ക്ക് ശേഷം വൈറ്റ് ഹൗസിലാണ് ടാങ്കറുകള്‍ കൈമാറാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്. യുക്രേനിയന്‍ ബറ്റാലിയന് തുല്യമായ 31 അബ്രാംസ് ടാങ്കറുകള്‍ അമേരിക്ക അയയ്ക്കുമെന്നും ജര്‍മ്മനി സ്വന്തം ലെപ്പാര്‍ഡ് 2 ടാങ്കുകള്‍ സംഭാവന ചെയ്യുമെന്നും ബൈഡന്‍ വൈറ്റ് ഹൗസില്‍ പറഞ്ഞു.
ടാങ്കറുകള്‍ കൈമാറുന്നത് റഷ്യയ്ക്കുള്ള പ്രകടമായ ഭീഷണിയല്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യം സംരക്ഷിക്കുന്നതിന് യുക്രൈന്‍ ജനതയ്ക്കുള്ള സഹായം മാത്രമാണ് ഇതെല്ലാം. റഷ്യന്‍ സൈന്യം മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ യുദ്ധം ഇന്ന് ഈ നിമിഷം അവസാനിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.