പോളണ്ടില്‍ പതിച്ചത് യുക്രൈന്‍ സൈന്യം അയച്ച മിസൈലാകാം; അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം
യുക്രൈന്‍ സൈന്യം അയച്ച മിസൈല്‍ പോളണ്ടിലേക്ക് മാറി എത്തിച്ചേര്‍ന്നതാകാമെന്ന് യു എസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. റഷ്യന്‍ മിസൈല്‍ തടുക്കാനായി യുക്രൈന്‍ അയച്ച മിസൈല്‍ മാറി പോളണ്ടിലെത്തിച്ചേര്‍ന്നതാണെന്ന് അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ പോളണ്ടില്‍ പതിച്ചത് റഷ്യന്‍ മിസൈലാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു. ബാലിയിലെ ജി-20 സമ്മേളനത്തിനിടെ ചേര്‍ന്ന നാറ്റോയുടെ അടിയന്തര യോഗത്തിന് ശേഷം സംസാരിക്കവേയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്റെ ഭാഗത്താണ് മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണോയെന്നത് വ്യക്തമായിട്ടില്ല.
യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയിലേക്ക് മിസൈല്‍ അയച്ചിട്ടില്ലെന്ന് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിരുന്നു. പോളണ്ടിലേക്ക് റഷ്യന്‍ മിസൈല്‍ കടന്നുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളെക്കുറിച്ചും റഷ്യയ്ക്ക് അറിവില്ലെന്നാണ് അധികൃതരുടെ പ്രതികരണം. ആക്രമണത്തേക്കുറിച്ച് നാറ്റോ പോളണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.