രാജ്യം സ്വതന്ത്രമാകുന്നതുവരെ പോരാടുമെന്ന് സെലൻസ്‌കി; യുക്രൈന് സഹായവുമായി ജർമനിയും ബൽജിയവും
രാജ്യം സ്വതന്ത്രമാകുന്നതുവരെ പൊരുതുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ട് യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലൻസ്‌കി പറഞ്ഞു. രാജ്യം സ്വതന്ത്രമാകുന്നതുവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ബെൽജിയം യുക്രൈൻ സൈന്യത്തിന് 2000 മെഷീൻ ഗണ്ണുകളും 3800 ടൺ ഇന്ധനവും നൽകും. ജർമനിയിലും യുക്രൈന് ആയുധം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ജർമനിയിൽ ഉത്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകൾ യുക്രൈന് അയക്കാൻ അയൽ രാജ്യമായ നെതർലാൻഡിന് ജർമനി അനുമതി നൽകി.
അതേസമയം ഒഡേസ തുറമുഖത്ത് റഷ്യയുടെ ആക്രമണത്തിൽ രണ്ട് ചരക്ക് കപ്പലുകൾ തകർന്നു. മാൾഡോവ, പനാമ കപ്പലുകളാണ് തകർന്നത്. ഒഡേസയിലെ ഒരു മെട്രോ സ്‌റ്റേഷനും സ്‌ഫോടനത്തിൽ തകർന്നു. പടിഞ്ഞാറൻ നഗരമായ ലിവിവീലും കനത്ത പോരാട്ടമാണ് നടക്കുന്നത്. റഷ്യൻ മിസൈൽ തകർത്തതായി യുക്രൈൻ സേന പറയുന്നുണ്ട്.