Sunday, April 13, 2025
World

ലോകത്ത് പ്രതിദിന രോഗികള്‍ മൂന്നുലക്ഷം കടന്നു; ആകെ 3.24 കോടി കൊവിഡ് ബാധിതര്‍, 9.87 ലക്ഷം മരണം

വാഷിങ്ടണ്‍: ലോകത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,14,855 പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചതായാണ് പുതിയ കണക്കുകള്‍. 5,872 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലാണ് ഒരുദിവസത്തെ ഏറ്റവും കൂടിയ കണക്ക് രേഖപ്പെടുത്തിയത്. 85,919 പേര്‍ക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,144 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തൊട്ടുപിന്നില്‍ അമേരിക്കയാണ്. ഇവിടെ 45,355 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 942 പേര്‍ മരണപ്പെട്ടു.
ബ്രസീലിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. 32,129 പേര്‍ക്കും രോഗബാധയും 818 മരണവും ഇവിടെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് ഇതുവരെ 3,24,16,405 പേര്‍ കൊവിഡ് ബാധിതരായി. 9,87,742 പേര്‍ മരണത്തിന് കീഴടങ്ങി. 2,39,32,212 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 74,96,451 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 63,322 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, മെക്‌സിക്കോ, സ്‌പെയിന്‍, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് രോഗവ്യാപനം കൂടുതലുള്ളവയുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി നിലയുറപ്പിച്ചിരിക്കുന്നത്.

അമേരിക്കയില്‍ 71,85,471 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 2,07,538 മരണങ്ങളുണ്ടായി. ഇന്ത്യയില്‍ 58,18,570 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. 92,317 പേര്‍ മരണപ്പെട്ടു. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 46,59,909 (1,39,883), റഷ്യ- 11,28,836 (19,948), കൊളംബിയ- 7,90,823 (24,924), പെറു- 7,88,930 (31,938), മെക്‌സിക്കോ- 7,15,457 (75,439), സ്‌പെയിന്‍- 7,04,209 (31,118), അര്‍ജന്റീന- 6,78,266 (14,766), ദക്ഷിണാഫ്രിക്ക- 6,67,049 (16,283).

Leave a Reply

Your email address will not be published. Required fields are marked *