ഇസ്രയേലില്‍ മലയാളികളെ കുരുക്കി ചിട്ടിത്തട്ടിപ്പ്; കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ നാടുവിട്ടെന്ന് സൂചന
ഇസ്രയേലില്‍ മലയാളികളെ ചിട്ടിത്തട്ടിപ്പില്‍ കുരുക്കി തട്ടിയെടുത്തത് 50 കോടി രൂപ. കണ്ണൂര്‍ സ്വദേശി ലിജോ ജോര്‍ജ് ചിറക്കലും കോഴിക്കോട് സ്വദേശി ഷൈനി ഷൈനിലുമാണ് മലയാളികളില്‍ നിന്ന് തന്നെ പണം തട്ടിയെടുത്ത് നാടുവിട്ടത്. സംഭവത്തില്‍, ഇസ്രയേല്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
വര്‍ഷങ്ങളായി ഇസ്രയേലില്‍ പെര്‍ഫെക്ട് ചിറ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ലിജോയും ഷൈനിയും. 500ഓളം മലയാളികളില്‍ നിന്നായി 18 കോടിക്ക് മുകളിലാണ് പ്രതികള്‍ തട്ടിയെടുത്തത്..നാട്ടിലെത്തി സ്ഥലം വാങ്ങാനും വീട് പണിയാനും ഉള്‍പ്പെടെ സ്വപ്‌നം കണ്ട് അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ഇതോടെ വെള്ളത്തിലായി.
ഇസ്രയേലില്‍ ജോലി ചെയ്ത് സമ്പാദിച്ചതെല്ലാം ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. നേട്ടമുണ്ടാക്കി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്നവര്‍ പിന്നീടറിഞ്ഞത് മലയാളികളായ ചിട്ടിക്കമ്പനി നടത്തിപ്പുകാര്‍ നാടുവിട്ടെന്ന വാര്‍ത്ത.
50 കോടി രൂപയാണ് പെര്‍ഫെക്ട് കുറി ഉടമകള്‍ ഇസ്രയേലില്‍ നിന്ന് മാത്രം പിരിച്ചെടുത്തത്. സമൂഹമാധ്യമങ്ങളിലെ മിന്നുന്ന പരസ്യം കണ്ട് 5 ലക്ഷം മുതല്‍ 25 ലക്ഷം വരെ, ചിട്ടിക്ക് നല്‍കിയവര്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ പോലും കഴിയാത്ത ഗതികേടിലാണ്. ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.
ഇസ്രയേല്‍ പൊലീസിന് പരാതി നല്‍കിയെങ്കിലും ഇതുവരെ ഫലമുണ്ടായില്ല. കണ്ണൂര്‍ സ്വദേശി ലിജോയും കോഴിക്കോട് സ്വദേശി ഷൈനിയും രാജ്യം വിട്ടെന്നാണ് പൊലീസ് പറയുന്നത്. അവസാന ആശ്രയമായി ഇസ്രയേല്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിക്ഷേപകര്‍.