കോഴിക്കോട് രാമനാട്ടുകര അപകടം ;ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് രണ്ടായി; മരിച്ചത് കരിപ്പൂരില്‍ നിന്ന് മടങ്ങിയ ചെര്‍പ്പുളശ്ശേരി സ്വദേശികള്‍
കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. വലിയൊരു അപകടമാണ് ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ വൈദ്യുത പോസ്റ്റ് രണ്ടായി ഒടിഞ്ഞു. വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞുള്ളൂ.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസി ഫല്‍ഗുണന്‍ പറഞ്ഞതിങ്ങനെ-
“വലിയ ശബ്ദം കേട്ടാണ് വന്നത്. കറന്‍റ് പോയിരുന്നു. ഞാന്‍ വന്നപ്പോള്‍ ഒരാളുടെ മൃതദേഹം റോഡിലാണ് കിടന്നിരുന്നത്. ബാക്കി നാല് പേരും കാറിനുള്ളിലായിരുന്നു. കണ്ടപ്പോള്‍ തന്നെ മരിച്ച അവസ്ഥയിലായിരുന്നു. വാഹനം മറിഞ്ഞുകിടക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും പൊലീസെത്തി. ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി”.
മറ്റൊരു പ്രദേശവാസി പറഞ്ഞതിങ്ങനെ-
“4.45ഓടെയാണ് സംഭവം. ലോറി ഇടിച്ചത് വൈദ്യുത പോസ്റ്റിനായതുകൊണ്ട് പെട്ടെന്ന് വണ്ടി തൊടാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. കെഎസ്ഇബി ഓഫീസില്‍ വിളിച്ച് കറന്‍റ് ഓഫ് ആക്കിയ ശേഷമാണ് സമീപത്തുപോയത്. ലോറി ഡ്രൈവറുടെ കാല് മാത്രമേ കുടുങ്ങിയിരുന്നുള്ളൂ. അത് അയാള്‍ തന്നെ വലിച്ചെടുത്തു. കാറിലുണ്ടായിരുന്നവരെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോ പൊലീസെത്തി, ആംബുലന്‍സും വന്നു. ജീവന്‍ തിരിച്ചുകിട്ടിയേക്കും എന്നു തോന്നിയ ഒരാളെ വേഗം തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്ന് പേര്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു”.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതാണെന്നാണ് സൂചന. പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശികളായ സാഹിര്‍, ഷാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചത്. ഇടിച്ച സിമന്‍റ് ലോറിയുടെ ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.