Saturday, October 19, 2024
Kerala

കുന്നംകുളത്ത് അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തൃശൂർ കുന്നംകുളത്ത് അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കിഴൂർ കാക്കത്തുരുത്ത് സ്വദേശി ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ 58 വയസ്സുള്ള രുഗ്മിണിയാണ് മരിച്ചത്. സ്വത്തിന് വേണ്ടി ഏറെ ആസൂത്രണം ചെയ്തായിരുന്നു കൊലയെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ പതിനെട്ടാംതിയതിയാണ് രുഗ്മണിയെ അവശനിലയിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മൂത്തമകൾ ഇന്ദുലേഖ തന്നെയാണ് രുഗ്മണിയെ ആശുപത്രിയിലെത്തിച്ചതും. ഭക്ഷ്യ വിഷബാധയെന്നായിരുന്നു ആദ്യം സംശയം. പിന്നീട് കുന്നംകുളത്തെ തന്നെ സ്വകാര്യ ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയിൽ എലിവിഷത്തിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയിരുന്നു. 22നാണ് രുഗ്മണിയുടെ മരണം.

മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിൽ മരണകാരണം വിഷം ഉള്ളിൽച്ചെന്നാണെന്ന് വ്യക്തമായി. രുഗ്മണി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മകളെ സംശയുമുണ്ടെന്നുമുള്ള പിതാവ് ചന്ദ്രൻറെ മൊഴിയാണ് നിർണായകമായത്. ഇന്ദുലേഖയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഭക്ഷണത്തിൽ എലിവിഷം നൽകിയാണ് കൊലയെന്നത് വ്യക്തമായത്.

കടുത്ത സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ രുഗ്മണിയോട് സ്വത്ത് ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള അമർഷമാണ്‌കൊലയ്ക്ക്
കാരണമെന്നാണ് പൊലീസ് പറയുന്നത്. രുഗ്മണിക്കും ചന്ദ്രനും ഏറെ നാളുകളായി ഭക്ഷണത്തിൽ ഗുളികകൾ ചേർത്ത് നൽകുന്നുണ്ടെന്നും ഇന്ദുലേഖയുടെ മൊഴിയുണ്ട്. ശരീരത്തെ ബാധിക്കുന്ന വിഷം ഏതെല്ലാമെന്ന് ഫോണിൽ തിരഞ്ഞതിന്റെ സെർച്ച് ഹിസ്റ്ററിയും പൊലീസ് കണ്ടെത്തിയിരുന്നു. 8 ലക്ഷം രൂപയുടെ ബാധ്യത തീർക്കാൻ അച്ഛൻറെ പേരിൽ ഉള്ള സ്ഥലം പണയപ്പെടുത്താനായിരുന്നു ഇന്ദുലേഖയുടെ നീക്കം. വീട്ടുകാർ ഇതിനെ എതിർത്തതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പൊലീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published.