കാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റു മരിച്ചു
കാനഡയിൽ ഇന്ത്യൻ വംശജനായ 18 കാരൻ കുത്തേറ്റു മരിച്ചതായി റിപ്പോർട്ട്. മെഹക്പ്രീത് സേഥി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഹൈസ്‌കൂൾ പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായ സംഘർഷത്തിനിടെ മറ്റൊരു കൗമാരക്കാരൻ കുത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച സ്‌കൂൾ പാർക്കിംഗ് സ്ഥലത്ത് യുവാക്കൾ തമ്മിൽ വഴക്കുണ്ടായെന്നും എന്നാൽ കൊല്ലപ്പെട്ടത് സ്‌കൂൾ വിദ്യാർത്ഥിയല്ലെന്നും സ്‌കൂൾ പ്രിൻസിപ്പൽ സ്ഥിരീകരിച്ചു. സേഥിക്കും പ്രതിക്കും പരസ്പരം അറിയാമായിരുന്നെന്നും കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുകയാണെന്നും പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ടിൽ പറയുന്നു. 17 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.