ബ്രഹ്മോസ് മിസൈല്‍ പാകിസ്താനിലേക്ക് പതിച്ച സംഭവം; മൂന്ന് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ച സംഭവത്തില്‍ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഈ വര്‍ഷം മാര്‍ച്ചില്‍ ഹരിയാനില്‍ നിന്ന് വിക്ഷേപിച്ച ബ്രഹ്മോസ് അബദ്ധത്തില്‍ ചെന്ന് പതിച്ചത് പാകിസ്താനിലെ മിയാന്‍ ചന്നു നഗരത്തിനടുത്താണ്. ഇതിലാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി.
സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളില്‍ വന്ന വീഴ്ചയാണ് മിസൈല്‍ പാകിസ്താനിലേക്ക് എത്താന്‍ കാരണമെന്നും പുറത്താക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍, വിംഗ് കമാന്‍ഡര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ എന്നീ റാങ്കുകളിലുള്ളവര്‍ക്കെതിരെയാണ് നടപടി.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മിസൈല്‍ അബദ്ധത്തില്‍ എത്തിയ സംഭവത്തില്‍ പാകിസ്താന്‍ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ആളപായമുണ്ടായിരുന്നില്ലെങ്കിലും കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടമുണ്ടായി. സംഭവത്തിന് പിന്നാലെ പ്രതിരോധ മന്ത്രാലയം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെയും പാകിസ്താന്‍ വിളിച്ചുവരുത്തിയിരുന്നു.