ആയുധം വെച്ച് കീഴടങ്ങണമെന്ന് യുക്രൈനോട് പുടിൻ; കീവിലടക്കം വൻ സ്‌ഫോടനങ്ങൾ
യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യോമാക്രമണം ആരംഭിച്ച് റഷ്യ. തലസ്ഥാനമായ കീവിലും കാർക്കിവിലും ഉഗ്ര സ്‌ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡോൺബാസിൽ സൈനിക നടപടിക്ക് പുടിൻ അനുമതി നൽകി മിനിറ്റുകൾക്കുള്ളിലാണ് വ്യോമാക്രമണം നടന്നത്.
ആയുധം വെച്ച് കീഴടങ്ങാനാണ് യുക്രൈൻ സൈനികർക്ക് പുടിൻ നൽകിയ മുന്നറിയിപ്പ്. എന്നാൽ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് യുക്രൈൻ തിരിച്ചടിച്ചു. യുക്രൈൻ അതിർത്തിയുടെ 40 കിലോമീറ്റർ ചുറ്റളവിൽ സൈനിക വാഹനങ്ങൾ അണിനിരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യൻ സൈനികരാണ് യുക്രൈനെ വളഞ്ഞത്
വിമത മേഖലയായ ഡോൺബാസിലേക്ക് റഷ്യൻ സൈന്യം നീങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ട് വിമത പ്രദേശങ്ങളിൽ സൈന്യം നിലവിൽ പ്രവേശിച്ചു കഴിഞ്ഞു. വിഷയത്തിൽ പാശ്ചാത്യ ശക്തികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രൈനെ സഹായിക്കാൻ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ശ്രമിച്ചാൽ ലോകം വലിയൊരു യുദ്ധത്തിനാകും സാക്ഷ്യം വഹിക്കുക.
റഷ്യ വ്യോമാക്രമണം ആരംഭിച്ചതോടെ ഐക്യരാഷ്ട്രസഭയുടെ അടിയന്തര യോഗം ചേരുകയാണ്. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുമെന്ന് യുക്രൈൻ അറിയിച്ചിട്ടുണ്ട്. യുക്രൈൻ തലസ്ഥാനമായ കീവിൽ ആറിടങ്ങളിൽ സ്‌ഫോടനം നടന്നിട്ടുണ്ട്. യുക്രൈൻ വിമതപ്രദേശമായ ഡോൺബാസിലേക്ക് റഷ്യൻ സൈന്യം കടന്നു
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ ആക്രമണത്തെ അപലപിച്ചു. റഷ്യയെ നിലയ്ക്കു നിർത്തണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. അതേസമയം യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ഒരു വിമാനം കൂടി ഡൽഹിയിൽ എത്തി. ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടിക്കും തിരിച്ചടിയേറ്റിട്ടുണ്ട്. യുക്രൈനിലെ വിമാനത്താവളങ്ങൾ അടച്ചു. അപകടകരമായ സാഹചര്യമെന്നാണ് ഇന്ത്യയുടെ പ്രതികരണം