റഷ്യൻ അനുകൂല വിഘടനവാദികളുടെ വെടിവെപ്പ്; രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ
റഷ്യൻ അനുകൂല വിഘടന വാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ. ശനിയാഴ്ച വിഘടനവാദികൾ വെടിനിർത്തൽ ലംഘിച്ച് 70 വെടിവെപ്പുകൾ നടത്തിയെന്ന് യുക്രൈൻ സൈന്യം പറയുന്നു. യുക്രൈനിലെ ജനപ്രതിനിധികളും വിദേശ മാധ്യമ പ്രവർത്തകരും സംഘർഷ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
എന്നാൽ യുക്രൈന്റെ ഭാഗത്ത് നിന്നാണ് ആദ്യം പ്രകോപനമുണ്ടായതെന്നും തിരിച്ചടി നൽകിയതാണെന്നും റഷ്യൻ അനുകൂല വിഘടനവാദികൾ അറിയിച്ചു. അതേസമയം ഏത് നിമിഷവും യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടാകുമെന്ന സ്ഥിതിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുക്രൈൻ അതിർത്തിയിൽ റഷ്യൻ സേന നടത്തുന്ന മിസൈൽ പരീക്ഷണവും പോർവിമാനങ്ങളുടെ സജ്ജീകരണത്തിന്റെയും ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആധുനിക ഹൈപ്പർ സോണിക് മിസൈലുകളാണ് റഷ്യ ശനിയാഴ്ച പരീക്ഷിച്ചത്. പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്നും റഷ്യ അറിയിച്ചിട്ടുണ്ട്.